തിരുവനന്തപുരം: ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ ഇടതുസർക്കാർ വില്‍പ്പനച്ചരക്കാക്കിയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ശബരിമല, ഹിന്ദുക്ഷേത്രമായതിനാലാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റേതെങ്കിലും വിശ്വാസത്തെ ഇത്ര ലാഘവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുമോ എന്നും വി.മുരളീധരൻ ചോദിച്ചു.
ശബരിമല ആചാരലംഘനം നടന്ന കാലയളവിൽ തന്നെയാണ് ശ്രീകോവിലിലെ സ്വർണക്കൊള്ളയെന്നത് ചേർത്തു വായിക്കണമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട അദ്ദേഹം പറഞ്ഞു. ചെന്നൈയിലും ബംഗളൂരുവിലുമെല്ലാം ശബരിമല ശ്രീകോവിലിന്റെ ഭാഗങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടു നടന്നത് ആരുടെ അനുമതി വാങ്ങിയാണെന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിക്കണം.
അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയാല്‍ സിനിമാതാരങ്ങളുടെ വീട്ടിലെത്തിച്ച ശേഷമാണോ ശബരിമലയിൽ തിരികെ എത്തിക്കേണ്ടത് എന്ന് മുരളീധരന്‍ ചോദിച്ചു.
ദേവസ്വത്തിന്റെ സ്വത്ത് എങ്ങനെ വേണമെങ്കിലും കൊണ്ടുനടക്കാം എന്നാണോ? 1999ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണപ്പാളി എങ്ങനെ 2019ല്‍ ചെമ്പായി എന്നത് സര്‍ക്കാര്‍ വിശദീകരിക്കണം.
ക്രിമിനൽ കേസിലെ പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. അങ്ങനെയൊരാള്‍ ശബരിമലയിലെ മുഖ്യനായി മാറിയത് സര്‍ക്കാര്‍ അറിഞ്ഞുതന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റി പിണറായിയുടെ ചെവിയിൽ സ്വകാര്യം പറയുന്ന ഫോട്ടോ തെളിയിക്കുന്നത് ഉന്നതസ്വാധീനമാണ്. ഉണ്ണികൃഷ്ണനെതിരെ കേസെടുക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ് എന്നും മുരളീധരന്‍ ചോദിച്ചു.
















