കരൂര്‍: കരൂര്‍ ദുരന്തത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ടിവികെ റാലിക്കിടെ നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ് സംസാരിക്കുന്നതിനിടെ ചെരുപ്പെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്ത്രി സെന്തില്‍ ബാലാജിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു യുവാവ് പിന്നില്‍ നിന്ന് വിജയ്‌യുടെ നേരെ ചെരുപ്പറിയുന്നത് ദൃശ്യങ്ങളില്‍ കാണാം.
വിജയുടെ തലയ്‌ക്ക് സമീപത്തു കൂടിപ്പോയ ചെരുപ്പ് ഒപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ തട്ടിമാറ്റുകയായിരുന്നു. ചെരുപ്പ് എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഡിഎംകെ പ്രവര്‍ത്തകരാണ് ചെരുപ്പെറിഞ്ഞതെന്നാണ് ടിവികെ ആരോപണം.
കരൂര്‍ വിഷയം ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. കരൂര്‍ അപകടം ആസൂത്രിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ടിവികെ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നതാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇത് ശക്തമായി.
സിബിഐയോ പ്രത്യേക അന്വേഷണ സമിതിയോ ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ടിവികെയുടെ ആവശ്യം. അതിനിടെ കരൂരില്‍ ദുരന്തം നടന്ന ദിവസത്തെ പരിപാടിയുടെ മുഴുവന്‍ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ടിവികെ നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ജോ. സെക്രട്ടറി നിര്‍മല്‍ കുമാറിനാണ് നോട്ടിസ് അയച്ചത്. കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദിനായി പോലീസ് അന്വേഷണം വ്യാപകമാക്കി. സേലം, യേര്‍ക്കാട്, കരുമന്തുറൈ, നാമക്കല്‍, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളില്‍ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടിവികെ ഈ മാസം നടത്താനിരുന്ന പാര്‍ട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
















