മലപ്പുറം: പൊലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ 35 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്.കക്കൂസ് മാലിന്യം കൊണ്ടു പോയ വാഹനമാണ് പൊലീസിനെ ഇടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സംയുക്തമായി വാഹനത്തിന് പിന്നലെ ജീപ്പോടിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാന്‍(25), കടുങ്ങപുരം സ്വദേശി ജംഷീര്‍(25) എന്നിവര്‍ ആണ് പിടിയിലായത്.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. തിരൂര്‍ ടൗണില്‍ പതിവ് വാഹന പരിശോധന നടത്തവെയാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം കടന്നുവന്നത്. തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ടുപോയി.തുടര്‍ന്ന് വാഹനത്തെ പൊലീസ് പിന്തുടര്‍ന്നത്.
കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ച എസ്ഐയ്‌ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. ചാലിയത്ത് വെച്ചാണ് പൊലീസ് ഈ വാഹനത്തെ പിടികൂടുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
















