തൃശൂർ: ചിറ്റിശ്ശേരിയിലെ പാത്ര നിർമ്മാണ യൂണിറ്റ് ഉടമയോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി. സംഭവത്തിൽ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെഎൻ ഇന്നലെ അറസ്റ്റിലായിരുന്നു. ഇതിനുപുറകെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. ചെടിച്ചട്ടിയുടെ ഓഡർ നൽകണമെങ്കിൽ പതിനായിരം കൈക്കൂലി നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.
മൂവായിരത്തി അറുനൂറ് ചെടിച്ചട്ടി ഇറക്കുന്നതിന് പതിനായിരം രൂപയാണ് മണ്‍ചട്ടി നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്. വളാഞ്ചേരിയിലെ കൃഷിഭവന്‍ വഴി ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ കൈകാര്യം ചെയ്യുന്നത് കുട്ടമണി ചെയര്‍മാനായ കോര്‍പ്പറേഷനായിരുന്നു. ചിറ്റിശേരി സ്വദേശികളും ടെണ്ടറില്‍ പങ്കെടുത്തിരുന്നു. സംഭവത്തിൽ കെഎൻ കുട്ടമണിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു.
യൂണിറ്റ് ഉടമയോട് 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന പരിശോധനയിൽ ചെയർമാൻ പിടിക്കപ്പെടുകയും ചെയ്തു. ഇയാളെ മെഡിക്കൽ പരിശോധനയ്‌ക്കായി കൊണ്ടുപോയി.
















