ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. മിക്കവാറും ഡിസംബര്‍ ആദ്യവാരത്തില്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
23ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി മിക്കവാറും ഡിസംബര്‍ അഞ്ചിന് എത്തിച്ചേരുമെന്ന് കരുതുന്നു.
പ്രതിരോധസഹകരണം, ഊര്‍ജ്ജ ബന്ധങ്ങള്‍, ബ്രിക്സിനകത്തും എസ് സിഒയ്‌ക്കകത്തുമുള്ള ബഹുമുഖ സഹകരണം എന്നിവ ചര്‍ച്ചാവിഷയമാകും. 2022ല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്.
പുടിന്റെ വരവിന് മുന്നോടിയായി റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവ് ഇന്ത്യ സന്ദര്‍ശിക്കും. ഐക്യരാഷ്‌ട്ര സഭയുടെ പൊതുയോഗം നടക്കുന്നതിനിടെയാണ് ലാവ് റോവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎന്നില്‍ ഒരു സ്ഥിരം സീറ്റിനായി ശ്രമിക്കുന്ന ഇന്ത്യയെ റഷ്യ പിന്താങ്ങിയിട്ടുണ്ട്. പുടിന്റെ ഈ വരവ് ഇന്ത്യ-റഷ്യ ബന്ധത്തെ ശക്തിപ്പെടുത്തും.
















