കൊല്ലൂര്‍ : പൂജാ മഹോത്സവത്തോടനുബന്ധിച്ച് മൂകാംബിക ക്ഷേത്രത്തില്‍ നടന്ന രഥോത്സവത്തില്‍ വന്‍ ഭക്തജനത്തിരക്ക്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം ഉച്ചയ്‌ക്കായിരുന്നു രഥോത്സവം.
മഴ വകവയ്‌ക്കാതെ മഹാനവമി ദിനത്തില്‍ ഭക്തര്‍ ദേവിയെ ദര്‍ശിക്കാനെത്തി. ധാരാളം മലയാളികള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു. രഥത്തില്‍ നിന്ന് നായണയങ്ങള്‍ എറിഞ്ഞ് നല്‍കുന്നതിന് പകരം ഭക്തരുടെ കയ്യില്‍ കൊടുക്കുകയായിരുന്നു ഇപ്രാവശ്യം. തിരക്ക് ഒഴിവാക്കാനായിരുന്നു ഇത്.
വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ 3 മണിക്ക് ക്ഷേത്ര നട തുറക്കുന്നതോടെ വിദ്യാരംഭം തുടങ്ങും. ഇരുപതിനായിരത്തില്‍പരം കുരുന്നുകള്‍ ഇവിടെ ആദ്യക്ഷരം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്‌ക്ക് 12.30 വരെയാണ് എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍.
കേരളത്തില്‍ മഹാനവമി പ്രമാണിച്ച് ദേവി ക്ഷേത്രങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വലിയ തിരക്കുണ്ട്. കോട്ടയം പനച്ചിക്കാടും ഭക്തര്‍ ധാരാളമെത്തുന്നുണ്ട്. വ്യാഴാഴ്ച വിജയദശമി പ്രമാണിച്ച് ആയിക്കണക്കണക്കിന് കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കുന്നതിനായി ക്ഷേത്രങ്ങളും വിവിധ സ്ഥാപനങ്ങളും ഒരുങ്ങി കഴിഞ്ഞു.
















