തിരുവനന്തപുരം: അക്കാദമിക വര്‍ഷം പകുതിയോടടുക്കുമ്പോഴും ഒന്നാം ടേമിലെ അദ്ധ്യാപക സഹായിപോലും ലഭ്യമാക്കാതെ എസ്‌സിഇആര്‍ടി. ഇതോടെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ഭാവി ഉള്‍പ്പെടെ തുലാസില്‍. പാഠപുസ്തകം പരിഷ്‌കരിച്ച ക്ലാസുകളിലൊന്നും അദ്ധ്യാപക സഹായികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതോടെ പാഠഭാഗങ്ങളും അവയിലെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാകാതെ അദ്ധ്യാപകര്‍. പാഠപുസ്തക രചയിതാക്കള്‍ക്ക് അഞ്ച് കോടിയോളം രൂപ കുടിശ്ശിക വന്നതാണ് പ്രതിസന്ധിക്ക് കാരണം.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠ പുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. എന്നാല്‍ ഒന്നാം ടേം കഴിഞ്ഞ് പരീക്ഷയും കഴിയുമ്പോഴും ഒന്നാം ടേമില്‍ പത്താം ക്ലാസില്‍ പഠിപ്പിക്കേണ്ടിയിരുന്ന അഞ്ചു യൂണിറ്റ് ഗണിതശാസ്ത്രത്തിന്റെ മൂന്നു യൂണിറ്റ് അദ്ധ്യാപകസഹായി മാത്രമേ എസ്‌സിഇആര്‍ടി പ്രസിദ്ധീകരിച്ചിട്ടുള്ളു. ഇത് പഠന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പഠന ഗുണനിലവാരത്തെയും ബാധിച്ചതായി അദ്ധ്യാപകര്‍ പറയുന്നു.
2023-2024 അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തക രചനയില്‍ പങ്കെടുത്ത അദ്ധ്യാപകര്‍, വിഷയ വിദഗ്ധര്‍, പാഠപുസ്തക കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് യാത്രാപ്പടിയോ മറ്റ് ആനുകൂല്യങ്ങളോ അലവന്‍സോ എസ്‌സിഇആര്‍ടി നല്‍കുന്നില്ല. ഇതോടെ അദ്ധ്യാപകര്‍ നിസ്സഹരണത്തിലേക്ക് നീങ്ങിയതോടെയാണ് അദ്ധ്യാപക സഹായി പ്രവര്‍ത്തനം നിലച്ചത്. എണ്ണൂറിലധികം അദ്ധ്യാപകരാണ് പാഠപുസ്തക രചനയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതേ അംഗങ്ങള്‍ തന്നെയാണ് അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം, അദ്ധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂള്‍ എന്നിവ തയാറാക്കുന്നതും. ഓരോരുത്തരും പങ്കെടുത്ത പകുതിപോലും ശില്‍പശാലകളുടെ ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതുവരെ അനുവദിക്കപ്പെട്ട ഫണ്ടിന്റെ വരവുചെലവുകണക്കും വിനിയോഗ സര്‍ട്ടിഫിക്കറ്റും ധനവകുപ്പില്‍ യഥാസമയം എസ്‌സിഇആര്‍ടി നല്‍കാത്തതാണ് ഫണ്ട് തടസപ്പെടാന്‍ കാരണം.
ശില്‍പശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ എസ്‌സിഇആര്‍ടി ഫിനാന്‍സ് വിഭാഗത്തിനും ഗുരുതരവീഴ്ചയുണ്ടായി. അവധിക്കാല അദ്ധ്യാപക പരിശീലനത്തിനു മുന്നോടിയായിട്ടുള്ള മൊഡ്യൂള്‍ നിര്‍മാണത്തിനും സംസ്ഥാന, മേഖലാതല ശില്പശാലകള്‍ക്കും സര്‍വ്വ ശിക്ഷ അഭിയാന്‍ വഴി സ്റ്റാര്‍സ് പ്രോജക്ടില്‍ അനുവദിച്ച രണ്ടേകാല്‍ കോടി രൂപ പോലും വിതരണം ചെയ്യാന്‍ അഞ്ചുമാസമായി കഴിഞ്ഞിട്ടില്ല. കുടിശിക ഘട്ടംഘട്ടമായി നല്‍കുമെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും അഞ്ചുപൈസ പോലും അദ്ധ്യാപകര്‍ക്ക് നല്‍കിയില്ല. പ്രതിഷേധ സമരത്തിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് അദ്ധ്യാപകര്‍.
















