തിരുവനന്തപുരം :മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ക്ക് പച്ചക്കൊടി കാട്ടുന്ന പരിപാടിയുടെ സംഘാടനത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്.വിശദീകരണം നല്‍കണമെന്ന് അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി. ജോയിയോട് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി ജനപങ്കാളിത്തം കുറഞ്ഞതിനെ തുടര്‍ന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉപേക്ഷിച്ചിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഫ്‌ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങള്‍ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിര്‍ത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സംഘാടകര്‍ ഇത് അനുസരിക്കാന്‍ തയാറായില്ല.വി.കെ. പ്രശാന്ത് എംഎല്‍എയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങിപ്പോകുകയുമായിരുന്നു.
അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ.പി.എസ്. പ്രമോജ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.പരിപാടിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറഞ്ഞതും മന്ത്രിയെ ചൊടിപ്പിച്ചു.
തന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി അപ്പോള്‍ തന്നെ പറഞ്ഞു.എന്നാല്‍ കൊട്ടാരത്തിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങള്‍ അവിടെ ഇടാഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















