വാഷിങ്ടൺ :∙ ഗാസ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാനപദ്ധതി ഇസ്രയേൽ അംഗീകരിച്ചു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് 20-പോയിന്റ് പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
‘യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്‌ക്കുന്നു. ഗാസയിൽ സമാധാനപരമായ സിവിലിയൻ ഭരണമാണ് ലക്ഷ്യം. ഹമാസിനെ നിരായുധീകരിച്ച് ഗാസയെ സൈനികമുക്തമാക്കും. അതനുസരിച്ച് ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി പിന്മാറും. പലസ്തീൻ അതോറിറ്റിക്ക് നേരിട്ട് പങ്കില്ല. ഹമാസ് പദ്ധതി നിരസിച്ചാൽ ഇസ്രയേൽ ജോലി പൂർത്തിയാക്കും,’ – നെതന്യാഹു പറഞ്ഞു.
ട്രംപിന്റെ പദ്ധതിപ്രകാരം, 72 മണിക്കൂറിനകം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. ഗാസയുടെ പുനർനിർമാണത്തിന് താൻ അധ്യക്ഷനായ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സമിതിയിൽ അംഗമാകും. അറബ് രാജ്യങ്ങൾ ഗാസയെ സൈനികമുക്തമാക്കാനും ഭീകര സംഘടനകളെ നിരായുധീകരിക്കാനുമുള്ള പ്രതിജ്ഞ എടുത്തിട്ടുണ്ട്.
ഹമാസ് പദ്ധതിയിൽ പങ്കെടുക്കുകയാണെങ്കിൽ ഇസ്രയേൽ ആക്രമണം നിർത്തിവയ്‌ക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇസ്രയേൽക്ക് അമേരിക്കയുടെ പൂർണ പിന്തുണ ഉണ്ടാകും. പലസ്തീൻ രാഷ്‌ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ നിലപാട് അവിവേകമാണെന്ന് കരുതുന്നു,’ – ട്രംപ് പറഞ്ഞു.
ഗാസയിലെ സഹായ വിതരണം ഐക്യരാഷ്‌ട്രസഭ, റെഡ് ക്രസന്റ് തുടങ്ങിയ ഏജൻസികൾ വഴിയായിരിക്കും. ഗാസയിൽ നിന്നൊരാളെയും പുറത്താക്കില്ലെന്നും പദ്ധതി വ്യക്തമാക്കുന്നു. സാമ്പത്തിക വളർച്ചക്കായി പ്രത്യേക ഇക്കണോമിക് സോൺ രൂപീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രിയോട് ക്ഷമ ചോദിക്കേണ്ടി വന്നിരുന്നു. യു.എൻ പൊതുസഭയിൽ നെതന്യാഹുവിന്റെ പ്രസംഗത്തിനെതിരെ ഭൂരിപക്ഷം രാജ്യങ്ങൾ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ സാഹചര്യത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ട്രംപിന്റെ പദ്ധതിയെ സൗദി അറേബ്യ, ജോർദ്ദാൻ, യുഎഇ, ഖത്തർ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളും ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാഷ്‌ട്രങ്ങളും സ്വാഗതം ചെയ്തു. ഹമാസ് പദ്ധതിയെ ‘ഗൗരവമായി പരിഗണിക്കും’ എന്നാണ് പ്രതികരണം
















