തിരുവനന്തപുരം:ഏറെ കാലത്തിന് ശേഷം ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വേദിയില്‍. പിണറായി സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പരിപാടിയിലാണ് തരൂര്‍ എത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ നരേന്ദ്രമോദിയെ തരൂര്‍ നിരന്തരം പ്രശംസിച്ചത് കോണ്‍ഗ്രസ് നേതാക്കളെ അലോസരപ്പെടുത്തിയിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന തരൂരിനെ അവിടെ പ്രചാരണത്തിന് നേതാക്കള്‍ ക്ഷണിച്ചതുമില്ല.
തരൂരും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കൂട്ടാനാണ് ഇതൊക്കെ കാരണമായത്. മഹിളാ കോണ്‍ഗ്രസ് നടത്തിയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി തരൂരിന് നിര്‍ദേശം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
















