തിരുവനന്തപുരം:ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിലുളള ആദരിക്കല്‍ ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ചലച്ചിത്ര, രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മലയാള സിനിമയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച മോഹന്‍ലാലിനോട് നാടിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്ന ചടങ്ങാണ് ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് മന്ത്രി വ്യക്തമാക്കി.
















