ഇന്‍ഡോര്‍: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സോനം രഘുവംശിയുടെ കോലം ദസറ ദിനത്തില്‍ രാവണന് പകരം കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഒരു പ്രാദേശിക സംഘടന തന്റെ മകളുടെ കോലം കത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
‘ലഘുലേഖയില്‍ നിന്നും ഹര്‍ജിക്കാരന്‍ കൊണ്ടുവന്ന മറ്റ് രേഖകളില്‍ നിന്നും വിജയദശമി ദിനത്തില്‍ രാവണന്റെ പ്രതിരൂപത്തിന് പകരം ഹര്‍ജിക്കാരന്റെ മകളുടെ പ്രതിരൂപം കത്തിക്കാന്‍ പ്രതിഭാഗം ഉദ്യേശിക്കുന്നതായി വ്യക്തമാണ്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് അത് അനുവദനീയമല്ല. ഹര്‍ജിക്കാരിയുടെ മകള്‍ ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ പോലും, അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ പ്രതിക്ക് എന്തുതന്നെ പരാതിയുണ്ടെങ്കിലും, ഹര്‍ജിക്കാരിയുടെയും മകളുടെയും മുഴുവന്‍ കുടുംബത്തിന്റെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
















