കോട്ടയം : ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തൃക്കൊടിത്താനം സ്വദേശികളായ ദമ്പതികളില്‍ നിന്ന് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൂറനാട് പാറ്റൂര്‍ മോളിഭവനത്തില്‍ അനീഷിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പരിചയക്കാര്‍ വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ സ്ഥിരം ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഇവരില്‍ നിന്ന് പലപ്പോഴായി ഇത്രയും രൂപ കൈക്കലാക്കിയത്. എന്നാല്‍ ഏറെക്കാലമായിട്ടും ജോലി ലഭിക്കാതെ വന്നതോടെ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃക്കൊടിത്താനം എസ്. എച്ച് ഒ എം ജെ അരുണിന്‌റെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
















