ന്യൂദല്‍ഹി: വീണ്ടും ട്രംപിന് തലവേദന സൃഷ്ടിച്ച് മോദി-ചൈന സൗഹൃദം. ഇന്ത്യയെ ശിക്ഷിക്കാനായി ഇന്ത്യയില്‍ നിന്നുള്ള മരുന്നിന് ഇറക്കുമതി തീരുവ 100 ശതമാനമാക്കി ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യയുടെ മരുന്നിനുള്ള ഇറക്കുമതി തീരുവ 30 ശതമാനത്തില്‍ നിന്നും വട്ടപ്പൂജ്യമാക്കി വെട്ടിച്ചുരുക്കി ചൈന. യുഎസ് തീരുമാനം ഇന്ത്യയിലെ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ ചൈനയുടെ തീരുമാനം വലിയ ആശ്വാസമാവുകയാണ്.
ഒക്ടോബര്‍ ഒന്ന് മുതലാണ് ട്രംപിന്റെ പുതിയ 100 ശതമാനം ഇറക്കുമതി തീരുവ നിലവില്‍ വരിക. 81,574 കോടി രൂപയുടെ മരുന്നാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇറക്കുമതി തീരുവ കൂട്ടുന്നതോടെ ഇന്ത്യന്‍ മരുന്നിന് വില കൂടും. അതോടെ യുഎസ് വിപണി ഇന്ത്യയിലെ മരുന്ന് കമ്പനികള്‍ക്ക് നഷ്ടമാകും. അതേ സമയം യുഎസില്‍ ഉല്പാദനഫാക്ടറികള് സ്ഥാപിക്കുന്ന മരുന്ന് കമ്പനികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവുണ്ടാകുമെന്ന് ട്രംപ് പറയുന്നു. പക്ഷെ മാത്രമല്ല, ഉയര്‍ന്ന ശമ്പളവും നല്കി അമേരിക്കക്കാരെ ജോലിക്ക് വെച്ച് യുഎസില്‍ കുറഞ്ഞ ചെലവില്‍ മരുന്ന് ഉല്പാദിപ്പിക്കുക എളുപ്പമായിരിക്കില്ല. അതിനാല്‍ ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് ആ വഴി എളുപ്പമല്ല.
പക്ഷെ ഇപ്പോള്‍ ട്രംപിനെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു പ്രഖ്യാപനം ചൈന നടത്തിയിരിക്കുകയാണ്. ചൈനയിലേക്കുള്ള ഇന്ത്യന്‍ മരുന്നിന്റെ ഇറക്കുമതി തീരുവ പൂജ്യമാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ് ചൈന. നിലവില്‍ 30 ശതമാനമാണ് ചൈനയിലേക്കുള്ള ഇന്ത്യന്‍ മരുന്നിന്റെ ഇറക്കുമതി തീരുവ. ഇതോടെ ചൈനയുടെ വലിയ വിപണി ഇന്ത്യയ്ക്ക് തുറന്നുകിട്ടും. യുഎസില്‍ നിന്നുണ്ടാകുന്ന ബിസിനസ് നഷ്ടം ചൈനയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
എന്തായാലും ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികളുടെ അടിത്തറ ഇളക്കാനുള്ള ട്രംപിന്റെ മോഹങ്ങള്‍ക്ക് ആഘാതം ഏല്പിച്ചിരിക്കുകയാണ് ചൈന. അടുത്തിടെ ചൈനയില്‍ നടന്ന എസ് സിഒ യോഗത്തിന് മോദി പങ്കെടുത്തിരുന്നു. റഷ്യയുടെ പ്രസിഡന്റ് പുടിനും എത്തിയിരുന്നു. ഈ സമ്മേളനം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
















