കൊൽക്കൊത്ത: അമേരിക്കൻ പ്രസിഡന്റ് ട്രംപ് രക്തബീജാസുരനായി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സുംഭാസുരനായി, ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസ് മഹിഷാസുരനായി. ഭാരത ശക്തിയായി ദേവി ദുർഗ്ഗ, രാഷ്‌ട്രത്തിനെതിരുനിന്ന മൂന്നുപേരെയും വകവരുത്തി.
ബംഗാളിലെ ദുർഗാപൂജ ദസ്‌റാ നാളുകൾ കലയുടെയും കൽപ്പനയുടെയും സാമൂഹ്യ-രാഷ്‌ട്രീയ പ്രകടനങ്ങളുടെയും കാലംകൂടിയാണ്. ഭക്തിയും വിശ്വാസവും ഉള്ളവർ മാത്രമല്ല, സകലരും ഈ കാലത്ത് പൂജപ്പന്തലുകളിലെ നിത്യ സന്ദർശകരാകും. പന്തലുകൾ അലങ്കരിച്ച് ആഘോഷിക്കുകമാത്രമല്ല, അവിടെ സാമൂഹ്യ-രാഷ്‌ട്രീയ കാലിക വിഷയങ്ങളുടെ വിചാരണയും നടക്കും. എന്നാൽ അതിനൊക്കെ കലയുടെ കൈസ്പർശം ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത.
പൂജാക്കാലം കലാകാന്മാരുടെ കൽപ്പനാ വൈഭവത്തിന് കമനീയ കാലംകൂടിയാണ്. മുട്ടിന് മുട്ടിന് പൂജപ്പന്തലുകൾ കാണാം. അവയുടെ അലങ്കാരത്തിൽ, മനോഹാരിതയിൽ, ആശയത്തിൽ, ആവിഷ്‌കാരത്തിൽ ഒക്കെ തമ്മിൽതമ്മിൽ മത്സരവും ഉണ്ടാവും. അങ്ങനെ പുജയും കാളിയും ദേവിയുടെ വിവിധ ഭാവങ്ങളും എല്ലാം അവതരിപ്പിക്കുമ്പോൾ കാളിയെ കേന്ദ്രബിന്ദുവാക്കി അവതരിപ്പിക്കുന്ന ആശയങ്ങൾ ഏറെ കൗതുകമുള്ള, ശ്രദ്ധേയമായ ആവിഷ്‌കാരങ്ങളായി മാറും.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പൂജപ്പന്തലിൽ വിഷയമായി.
ട്രംപ് അസുരനായിരുന്നു. ദുർഗ്ഗയുടെ വാഹനമായ സിംഹത്തിനുമേൽ വാൾ കയറ്റാൻ നടത്തുന്ന ശ്രമത്തിൽ കാളീമാതാവ് ട്രംപിനെ വകവരുത്തുന്നതാണ് ടാബ്ലോയുടെ വിഷയം. ഏറെ ചർച്ച ചെയ്തു സമൂഹം ഇത്. അതിനു പിന്നാലെ ബംഗ്ലാദേശ് താൽക്കാലിക പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെ മഹിഷാസുരനായി ചിത്രീകരിക്കുന്ന മറ്റൊരു പശ്ചിമ ബംഗാൾ പന്തൽ ഇപ്പോൾ ഒരു കോളിളക്കം സൃഷ്ടിക്കുന്നു.
മുർഷിദാബാദിലെ ബെർഹാംപൂരിലെ സാധക് നരേന്ദ്ര സ്മൃതി സംഘ പന്തലിൽ, തിന്മയുടെ അവസാനം എന്നർത്ഥം വരുന്ന ‘ദഹൻ’ എന്ന രാഷ്‌ട്രീയ പ്രമേയം സംഘാടകർ തിരഞ്ഞെടുത്തു. ഇതനുസരിച്ച്, പരമ്പരാഗത രാക്ഷസനായ മഹിഷാസുരനെ ഡോ. യൂനുസിനോട് സാമ്യമുള്ള രീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ട്, അതേസമയം ദുർഗ്ഗാദേവിയുടെ കൈയിൽ പിടിച്ചിരിക്കുന്ന ഒരു ഛേദിക്കപ്പെട്ട തല പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മാതൃകയിലാണ്. പ്രധാന സംഘാടകരിൽ ഒരാളായ ഇന്ദ്രജിത് ദുബെ ഈ നിശ്ചയ ദൃശ്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ‘ഈ വർഷത്തെ പ്രമേയം ‘ദഹൻ’ ആണ്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഡോ. യൂനുസിനെയും ഷെഹ്ബാസ് ഷെരീഫിനെയും തിന്മയുടെ പ്രതീകമായി ചിത്രീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.’ പ്രമേയം കണക്കിലെടുക്കുമ്പോൾ, പന്തൽ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു, നിരവധി സന്ദർശകർ കേന്ദ്ര ദുർഗ്ഗാ വിഗ്രഹത്തേക്കാൾ കൂടുതൽ സമയം അസുര രൂപങ്ങൾ നിരീക്ഷിക്കാൻ ചെലവഴിച്ചു, അവർ മിക്കവരും ആശയത്തെ ന്യായീകരിച്ചു.
ഖഗ്ര ശ്മശാന ഘട്ട് ദുർഗാ പൂജ കമ്മിറ്റിയുടെ പന്തലിലായിരുന്നു, ഡൊണാൾഡ് ട്രംപിന്റെ മാതൃകയിൽ ഒരു രാക്ഷസനെ ചിത്രീകരിക്കുന്ന പ്രതിമ.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടും, ട്രംപ് മുഖമുള്ള രാക്ഷസൻ യുഎസ് പ്രസിഡന്റിന്റെ വഞ്ചനയെ പ്രതിനിധീകരിക്കുന്നുവെന്ന് കമ്മിറ്റി പറയുന്നു. ഭാരതത്തിന് മേൽ ചുമത്തിയ അധിക താരിഫുകൾ ഉൾപ്പെടെയുള്ള വ്യാപാര നയങ്ങളെക്കുറിച്ചുള്ള പരാതികൾ ചിത്രീകരണം പ്രതിഫലിപ്പിക്കുന്നുവെന്നാണ് പൂജാ കമ്മിറ്റി കളുടെ വിശദീകരണം.
















