ചെന്നൈ: 42 വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1983 ഒക്‌ടോബർ 7 ന് ആയിരുന്നു അത്. അന്നത്തെ മലയാളത്തിലെ ‘സൂപ്പർ താര’ങ്ങൾക്കും മേലേ താരമായി ഒരു കുട്ടി സിനിമാ തീയേറ്ററുകൾ ഇളക്കി മറിച്ചു- ബേബി ശാലിനി. ‘എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ഫാസിൽ ചിത്രത്തിലൂടെ. അന്ന് വയസ്സ് നാലുമാത്രം. പിന്നെ ആ കുട്ടിയുടെ കാലമായിരുന്നു സിനിമയിൽ. ബേബി ശാലിനിയായിരുന്നു സിനിമാ രചയിതാക്കളുടെ കേന്ദ്ര ബിന്ദു. ബേബി ശാലിനി ഏഴു വർഷത്തിനിടെ 65 സിനിമയിൽ അഭിനയിച്ചു. സിനിമയിൽ എത്തുംമുമ്പ് ദൂരദർശന്റെ അമലു എന്ന് സീരിയലിൽ ശാലിനിയുണ്ടായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി ബേബി ശാലിനി ശാലിനിയായി. സിനിമയിൽനിന്ന് പിൻമാറി പഠിത്തത്തിനു പോയി, പിന്നീട് തിരിച്ചുവന്നത് തമിഴ് സിനിമയായ അമർക്കളം എന്ന അജിത് കുമാറിന്റെ ചിത്രത്തിലൂടെയായിരുന്നു, 1999 ൽ. ആ സിനിമയിലെ അഭിനയത്തിനിടെ ശാലിനിയും അജിത്തും തമ്മിൽ പ്രണയത്തിലായി. അവർ 2004ൽ വിവാഹിതരായി. വിവാഹത്തോടെ ശാലിനി സിനിമയിൽനിന്ന് വിരമിച്ചു. അജിത് അഭിനയത്തിൽ തുടർന്നു. ഇവർക്ക് രണ്ടു മക്കളാണ്. മകളാണ് മൂത്തത്, 17 കഴിഞ്ഞു. മകനും മകളും പഠിക്കുന്നു.
ഇപ്പോഴും സിനിമയിൽ നായകനായി, ഇറങ്ങുന്ന സിനിമ വൻ വിജയമാക്കി മാറ്റുന്ന അജിത് ഭാര്യ ശാലിനിയെക്കുറിച്ച് പറഞ്ഞു: ‘ശാലിനി കൈകാര്യം ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവളുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ, എനിക്ക് ഇതെല്ലാം ചെയ്യാൻ കഴിയില്ലായിരുന്നു. വീടും കുട്ടികളും ഞാൻ അകലെയായിരിക്കുമ്പോൾ കുറവൊന്നുമില്ലാതെ നോക്കുന്നത് ശാലിനിയാണ്. കുട്ടികൾക്ക് എന്നെ കാണാൻ പലപ്പോളും കഴിയാറില്ല, അവർ എന്നെ മിസ് ചെയ്യുന്നതുപോലെ ഞാൻ അവരെയും മിസ് ചെയ്യുന്നു. ഇതൊന്നും ബാഹ്യമായി കാണാൻ കഴിയുന്ന കാര്യങ്ങളല്ല. പക്ഷേ നിങ്ങൾ വളരെയധികം സ്‌നേഹിക്കുമ്പോൾ, പലപ്പോഴും പല ത്യാഗങ്ങളും ചെയ്യണം.’
‘വിവാഹിതനായപ്പോൾ, ഞാൻ കുറച്ചുകാലം മോട്ടോർ റേസിംഗിലേക്ക് തിരിച്ചെത്തിയിരുന്നു. അത്തരം എല്ലാ പരിപാടികളിലും ശാലിനി എന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നെ, കുട്ടികൾ ഉണ്ടായി. ഉത്തരവാദിത്വങ്ങൾ അതിനൊപ്പം വന്നു, അവൾ തിരക്കിലായി. പക്ഷേ അവൾ മോട്ടോർസ്‌പോർട്ടിനെ പിന്തുടരുന്നു. എന്റെ മകനും അത് ഇഷ്ടപ്പെടുന്നു – അവൻ ഗോ-കാർട്ടിംഗ് ആരംഭിച്ചു, പക്ഷേ ഇതുവരെ ഗൗരവമുള്ള തലത്തിലല്ല. അവൻ അത് തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ ഞാൻ അവന് സമയം നൽകും.’
‘സിനിമയായാലും റേസിംഗായാലും, എന്റെ കാഴ്ചപ്പാടുകൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‘അവർ സ്വയം മുന്നോട്ടുവന്ന് സാധ്യമായ എല്ലാ വിധത്തിലും അവരെ പിന്തുണയ്‌ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’
ഇന്ന് (സെപ്തംബർ 28-ന്) സ്‌പെയിനിൽ നടക്കുന്ന 24 എച്ച് എൻഡുറൻസ് സീരീസിൽ പങ്കെടുക്കാൻ അജിത് കുമാർ തന്റെ ടീമുമായി പോയിരിക്കുകയാണ്.
















