രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ കുറ്റ്യാടി എന്ന സ്ഥലം മനസ്സില്‍നിന്ന് ഒഴിയാതെ നില്‍ക്കുകയാണ്. എന്താണ് കാരണമെന്നു പിടികിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നത്തെ ‘സംഘപഥ’ യാത്ര കുറ്റ്യാടിയിലൂടെയാക്കാമെന്നുവെച്ചത്. ഒട്ടേറെ ചരിത്രം പറയാനുള്ള സ്ഥലമാണ് കുറ്റ്യാടി. സംഘപ്രചാരകനെന്ന നിലയ്‌ക്കാണ് എനിക്കവിടെ പോകാനും, ആ നാടിനെയും നാട്ടുകാരെയും ബന്ധപ്പെടാനും അവസരമുണ്ടായത്. 1958 ല്‍ കേരളത്തിലെ (തമിഴ്‌നാട്ടിലെയും) സംഘപ്രവര്‍ത്തന സംവിധാനത്തിന്റെ ഭാവിയെപ്പറ്റി സവിസ്തരവും ഗാഢവുമായ പരിചിന്തനം ചെയ്യുന്നതിന് കൊച്ചിയിലെ യോഗ്യപൈ നാരായണ പൈ ട്രസ്റ്റ് മന്ദിരത്തില്‍ എല്ലാ പ്രചാരകന്മാരുടെയും നാലു ദിവസത്തെ ശിബിരം നടത്തപ്പെട്ടു.
സര്‍കാര്യവാഹ് ഏകനാഥ റാനഡേയായിരുന്നു അതിനു മാര്‍ഗദര്‍ശനം നല്‍കിയത്. സംസ്ഥാന പുനസ്സംഘടന കഴിഞ്ഞ് കാസര്‍കോട് മുതല്‍ പാറശ്ശാല വരെയുള്ള പുതിയ കേരളം (ഗോകര്‍ണ കന്യാകുമാരി പര്യന്തമുള്ള ഐതിഹാസിക കേരളമല്ല) നിലവില്‍ വന്നുകഴിഞ്ഞിരുന്നു. സംഘത്തെ സംബന്ധിച്ചിടത്തോളമാകട്ടെ തമിഴ്‌നാടും കേരളവും ചേര്‍ന്ന മദിരാശി പ്രാന്തത്തിന്റെ ഭാഗമായിരുന്നു നിലവില്‍. കൊച്ചി ബൈഠക്കിനുശേഷം, പൂര്‍ണപ്രാന്തമാകുന്നതിനു മുന്നോടിയായി കേരളം കാസര്‍കോടൊഴികെയുള്ള ഭാഗ് ആയി നിര്‍ണയിക്കപ്പെട്ടു. ആ ബൈഠക്കിനുശേഷമുള്ള നിയോഗമനുസരിച്ച് അതുവരെ ചാവക്കാട് താലൂക്കില്‍ ഗുരുവായൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഞാന്‍ കണ്ണൂര്‍ ജില്ലയിലേക്കു മാറ്റപ്പെട്ടു. സംഘത്തിന്റെ അന്നത്തെ കണ്ണൂര്‍ ജില്ല, കൊയിലാണ്ടി താലൂക്കിന്റെ ഏതാനും ഭാഗങ്ങള്‍വരെ തെക്കോട്ട് നീണ്ടുകിടന്നിരുന്നു. ആ ഭാഗങ്ങള്‍ മുമ്പ് തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിച്ച രാമചന്ദ്രന്‍ കര്‍ത്താ എന്ന പ്രചാരകന്റെ പരിചരണത്തില്‍ സംഘത്തിനു വേരോട്ടമുണ്ടായ സ്ഥലങ്ങളായിരുന്നു. ‘കര്‍ത്താസാര്‍’ എന്ന് പേരെടുത്ത അദ്ദേഹം അവിടുത്തെ സ്വയംസേവകരുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ചിരുന്നു. ആളുകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് ജന്മസിദ്ധമായ വാസനയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ്രപയത്‌നഫലമായി സംഘപ്രവര്‍ത്തനം നടന്ന കുറ്റ്യാടി എന്ന സ്ഥലത്ത് പോയ ചില അനുഭവങ്ങള്‍ വിവരിക്കാനീയവസരം ഉപയോഗിക്കുകയാണ്. വയനാട്ടിലെ പീഠഭൂമിയുടെ താഴ്‌വാരത്തിലാണ് കുറ്റ്യാടി. ടിപ്പുവിന്റെ രണ്ടാം മലബാര്‍ ആക്രമണം കുറ്റ്യാടിച്ചുരം വഴിയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജാവ് ടിപ്പുവിനും, പിന്നീട് ഈസ്റ്റിന്ത്യാ കമ്പനിക്കുമെതിരായ പോരാട്ടങ്ങള്‍ക്കു കുറ്റ്യാടി പരിസരങ്ങള്‍ ഉപയോഗിച്ചിരുന്നുവത്രേ. പഴശ്ശിരാജാവിനെ വയനാട്ടിലെ മാവിലതോടിലെ ഒളിത്താവളത്തില്‍നിന്നും ടി.എച്ച്. ബാബര്‍ എന്ന കമ്പനി സൈനികന്‍ ആക്രമിച്ചു കൊലചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്നത് കെട്ടിലമ്മയായിരുന്ന പയ്യോര്‍മല നായരുടെ സഹോദരിയായിരുന്നുവെന്നു ബാബര്‍ രേഖപ്പെടുത്തി. വയനാട്ടില്‍നിന്നു അകലെ താഴ്‌വാരത്ത് തമ്പുരാന്‍ കോവിലകം നിര്‍മിക്കാന്‍ കുറ്റിയടിച്ച സ്ഥലമാണത്രേ പില്‍ക്കാലത്ത് കുറ്റ്യാടി എന്നറിയെപ്പട്ടത്.
വി.പി. ജനേട്ടന്‍ ആ സ്ഥലങ്ങള്‍ പരിചയപ്പെടുത്താന്‍ എന്നെ കൊണ്ടുപോയപ്പോള്‍ ഒരു പുതിയ ലോകത്തെത്തിയ അനുഭൂതിയാണെനിക്കുണ്ടായത്. അവിടെ പുതിയ വീട്ടില്‍ എന്ന പ്രാചീനമായ ഗൃഹത്തിലാണ് താമസിച്ചത്. അറയും നിരയുമായി വളച്ചു വാതിലുകളുള്ള അതിപ്രാചീന നിര്‍മിതി. പി.വി. കുഞ്ഞികൃഷ്ണന്‍ നായര്‍ എന്ന സ്വയംസേവകനാണ് അവിടെയുള്ളത്. മുമ്പ് കുറേക്കാലം പ്രചാരകനായിരുന്നു. കര്‍ത്താസാര്‍ തന്നെയാണ് സജീവ കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹത്തെ സംഘത്തിലേക്കാകര്‍ഷിച്ചത്.1954 ല്‍ ബാംഗ്ലൂരില്‍ നടന്ന സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടിയശേഷം അദ്ദേഹം ഒരുവര്‍ഷക്കാലം പയ്യന്നൂരില്‍ പ്രചാരകനായും പ്രവര്‍ത്തിച്ചു. അവിടെനിന്നാണ് കൊച്ചി ശിബിരത്തില്‍ വന്നത്. 1942 ലെ ക്വിറ്റിന്ത്യാ പ്രക്ഷോഭകാലത്തെ ഡയറക്ട് ആക്ഷന്‍ എന്ന പരിപാടികളില്‍പ്പെട്ട് ജയില്‍വാസവുമനുഭവിച്ചിരുന്നു.
58, 59 കാലത്ത് കേരളത്തില്‍ ഇഎംഎസ്സിന്റെ കമ്യൂണിസ്റ്റ് ഭരണമായിരുന്നല്ലൊ. ആ ഭരണത്തിന്റെതേര്‍വാഴ്ച ഗ്രാമീണ ജനങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. അഴിമതിയും അക്രമങ്ങളും അവരെ രോഷം കൊള്ളിച്ചു. ആയിടെ നടന്ന രണ്ട് കൊലപാതകങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി പണം വാങ്ങി ഒതുക്കിയെന്ന ആരോപണം വളരെ വ്യാപകമായിരുന്നു. ചെയ്യ്യാട്ട് നാണി, പാലേരി മാക്കം എന്നീ രണ്ട് സ്്രതീകള്‍ കൊലചെയ്യപ്പെട്ടതിലെ ധനാഢ്യരായ പ്രതികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജീപ്പ് വാങ്ങി നല്‍കി രക്ഷപ്പെട്ടു എന്നതിന്റെ പോസ്റ്ററുകളും ചുവരെഴുത്തും സര്‍വ്രത വ്യാപിച്ചു. ആ സംഭവത്തെ മുന്‍നിര്‍ത്തി ‘പാലേരി മാണിക്യം’ എന്ന ചലച്ചിത്രം പിന്നീട് ഇറങ്ങിയിരുന്നു.
കോണ്‍ഗ്രസ്സുകാര്‍ സേവാദള്‍ എന്ന പേരില്‍ സന്നദ്ധസംഘങ്ങള്‍ രൂപീകരിച്ച് തുടങ്ങി. അവര്‍ക്ക് പരിശീലനം കൊടുക്കാനായി കുറ്റ്യാടിയില്‍ അവര്‍ കണ്ടത് കുഞ്ഞികൃഷ്ണന്‍ നായരെയായിരുന്നു. സംഘത്തില്‍നിന്നു പുറത്തുപോകാതെയാണ് അതെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ക്രമേണ കുഞ്ഞികൃഷ്ണന്‍ നായരെ നമുക്കു നഷ്ടമായി. പക്ഷേ അവിടത്തെ സംഘശാഖ ശക്തമായിത്തന്നെ തുടര്‍ന്നു. പൂളക്കണ്ടി രാമന്‍ മാസ്റ്റര്‍, എ.പി. കണാരന്‍, ചാത്തു പി. പൊക്കന്‍ മുതലായ സ്വയംസേവകര്‍ അങ്ങേയറ്റത്തെ നിശ്ചയദാര്‍ഢ്യത്തോടെ സംഘപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ജന്മഭൂമിയിലായിരുന്നപ്പോള്‍ സംഘനിര്‍ദ്ദേശമനുസരിച്ച് വടകര താലൂക്കില്‍ ഒരാഴ്ച പോകാനുള്ള അവസരമുണ്ടായി. പഴയ തലമുറക്കുശേഷം അടുത്തനിര പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. പഴയവര്‍ അങ്ങേയറ്റത്തെ സ്‌നേഹാദരങ്ങളോടെ വീടുകളില്‍ കൊണ്ടുപോയി. മുമ്പ് 16 വയസ്സായിട്ടും അക്ഷരാഭ്യാസം ലഭിക്കാന്‍ കഴിയാതെ, എന്നെക്കൊണ്ട് രാമായണം വായിപ്പിച്ചു കേട്ടിരുന്ന വീട്ടിലെ പുതിയ തലമുറക്കാര്‍, കോളജില്‍ പഠിക്കുന്നതു കാണാന്‍ കഴിഞ്ഞു. അച്ഛനും അമ്മയും എത്ര സ്‌നേഹാര്‍ദ്രമായാണ് എന്നെ അവര്‍ക്കു പരിചയപ്പെടുത്തിയത് എന്ന് ഒാര്‍ത്തപ്പോള്‍ പുളകമണിഞ്ഞുപോയി.
ആദ്യം 1958 ലും മറ്റും അവിടം വാഹനം പോകാത്ത ഇടവഴികളും പാടവരമ്പുകളുമായിരുന്നെങ്കില്‍, കുറ്റ്യാടി പദ്ധതിയുടെ ജലസേചനത്തോടുകളും റോഡുകളും വൈദ്യുതിയുമൊക്കെ അന്നാട്ടിനെ സമ്പല്‍സമൃദ്ധമാക്കിക്കഴിഞ്ഞു.
1960 കളില്‍ അവിടെ പോയിരുന്ന കാലത്ത് ശാഖ നടത്തിയിരുന്ന സ്ഥലത്തിനു ‘അടിയോടികണ്ടി’ എന്നായിരുന്നു പേര്. നാരായണന്‍ നമ്പ്യാരുടെ വക. നമ്പ്യാരാകട്ടെ നിഷ്ഠയോടെ ശാഖയില്‍ വന്നിരുന്നു. നല്ല കൃഷിക്കാരന്‍, കര്‍ത്താസാറിന്റെ ആരാധകന്‍, നിത്യവും നാലു സ്വയംസേവകരെയെങ്കിലും പോയിക്കണ്ട് സമ്പര്‍ക്കം നിലനിര്‍ത്തുമായിരുന്നു. ശാഖ നടക്കുന്ന സ്ഥലത്തിനടുത്ത് ഒരു ഇല്ലമുണ്ടായിരുന്നു. മുമ്പ്, ശര്‍മ്മാജി അവിടെ പോയി അവിടത്തെ ‘മൂസ്സാമ്പൂരി’യെ പരിചയപ്പെട്ടിരുന്നു. ശര്‍മ്മാജിയുടെ സംസ്‌കൃത പാണ്ഡിത്യം അദ്ദേഹത്തെ വിസ്മയിപ്പിച്ചു. പക്ഷേ തീയരുടെയും വാണിയരുടെയും വീടുകളില്‍ പോയി ഭക്ഷണം കഴിച്ചത് ഇഷ്ടപ്പെട്ടില്ല. ആ ഒരകല്‍ച്ച നമ്പൂതിരി എന്നോടും കാണിച്ചു.
അതില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു കടത്തനാട് വലിയതമ്പുരാനെ ‘മുഖം കാണിച്ച’ അവസരത്തിലേത്. അദ്ദേഹവും ശര്‍മ്മാജിയുടെ പാണ്ഡിത്യത്തെ വിലമതിച്ചു സംസാരിച്ചു. തന്റെ സാന്നിധ്യത്തില്‍ തന്നെ എന്നെ ഭക്ഷണം കഴിപ്പിച്ചേ വിട്ടുള്ളൂ. കടത്തനാടിന്റെ പാരമ്പര്യ പ്രകാരം പാണ്ഡിത്യവും, മനസ്സംസ്‌കാരവും പരിപാലിച്ച ആളായിരുന്നു തമ്പുരാന്‍. മധ്യമലബാറിലെ ഏറ്റവും മികച്ച കഥകളി യോഗവും അദ്ദേഹം പരിപാലിച്ചിരുന്നു. ‘കുടില്‍ തൊട്ടു കൊട്ടാരം’ വരെ അക്ഷരാര്‍ത്ഥത്തില്‍ സംഘദൗത്യമെത്തിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ എളിയ പങ്കാളിത്തം വഹിച്ചതിനെ ഓര്‍ക്കുകയാണീ ജീവിത സായാഹ്‌നത്തില്‍.
















