ചെന്നൈ : രാജ്യത്തെ ഒന്നാകെ നടുക്കിയ തമിഴ്‌നാട്ടിലെ കരൂരില്‍ നടന്ന ദുരന്തത്തെ അപലപിച്ച് കമല്‍ഹാസനും രജനികാന്തും. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ ഇരുവരും കരൂരില്‍ നിന്നും വരുന്ന ഓരോ വര്‍ത്തകളും ഹൃദയം നുറുക്കുന്നുവെന്ന് കുറിച്ചു.
കരൂരില്‍ നടന്ന സംഭവത്തില്‍ ഒട്ടേറെ നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്ത ഹൃദയത്തെ നുറുക്കുകയും അത്യന്തം ദുഃഖം ഉളവാക്കുകയും ചെയ്യുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് ആശ്വാസം ലഭിക്കട്ടെ എന്നായിരുന്നു രജനികാന്തിന്റെ വാക്കുകള്‍.
എന്റെ ഹൃദയം നുറുങ്ങുന്നു. കരൂരില്‍ നിന്ന് വരുന്ന വാര്‍ത്ത ഞെട്ടലും സങ്കടവും നല്‍കുന്നതാണ്. ജനത്തിരക്കില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താന്‍ വാക്കുകളില്ല. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് ശരിയായ ചികിത്സയും ദുരിതബാധിതര്‍ക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ് എന്നായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.
മരിച്ചവരില്‍14 പേരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാന്‍ ബാക്കിയുള്ളതെന്നും 111 പേരാണ് ചികിത്സയിലുള്ളതെന്നും 51പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളതെന്നും കരൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ സംഭവത്തിന് പിന്നാലെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്‌സില്‍ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി.
അതേ സമയം 2026ല്‍ തമിഴ്‌നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ സൂപ്പര്‍താരം വിജയ് കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ വന്‍ നിയമക്കുരുക്കിലേക്ക് വീഴും. കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയ വിജയ്യുടെ പരിവേഷം കരൂരില്‍ തകര്‍ന്നുവീണു.
















