ദേർ അൽ-ബലാഹ്: ഗാസയിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന വ്യോമാക്രമണത്തിൽ കുറഞ്ഞത് 32 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. വെടിനിർത്തലിനായി അന്താരാഷ്‌ട്ര സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആക്രമണങ്ങൾ. കൊല്ലപ്പെട്ടവരിൽ ഹമാസ് തീവ്രവാദികളുമുണ്ടെന്ന് ഐഡിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ മധ്യ വടക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണങ്ങളിൽ വീടുകളിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്. ഇവിടങ്ങളിൽ ഹമാസ് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സൈന്യം പറയുന്നത്. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ കൊല്ലപ്പെട്ടതായി മൃതദേഹങ്ങൾ കൊണ്ടുവന്ന അൽ-അവ്ദ ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞു.
എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധത്തിനുള്ള പിന്തുണയിൽ ഉറച്ചുനിൽക്കുകയാണ്. ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു ഹമാസിനെതിരായ പ്രവർത്തനം പൂർണ്ണമായും പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ ഉണ്ടായത്.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്‌ട്ര സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അടുത്തിടെ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിച്ചു, എന്നാൽ ഇസ്രായേൽ അത് അംഗീകരിക്കുന്നില്ല. നിരവധി രാജ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വെടിനിർത്തലിനായി ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.
ഗാസയിലെ സംഘർഷം ലഘൂകരിക്കാനും ബന്ദികളെ തിരികെ കൊണ്ടുവരാനുമുള്ള ഒരു കരാറിന് യുഎസ് അടുത്തെത്തിയിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്ച ട്രംപ് വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിങ്കളാഴ്ച ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഗാസയിൽ ഇസ്രായേൽ കരസേനാ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
















