ന്യൂദൽഹി: ഭീകരതയേയും ഉറവിമായ പാകിസ്ഥാനെയും പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങൾക്ക് ഭാരതത്തിന്റെ താക്കീത്. ‘ഒരിക്കൽ തിരിഞ്ഞുകടിക്കും, അപ്പോഴേ നിങ്ങൾ അറിയൂ,’ ഐക്യ രാഷ്ട്ര സംഘനയുടെ പൊതുസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കൾ താക്കീതു നൽകി. പാകിസ്ഥാനെ പൂർണമായും ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്ന പ്രസംഗത്തിൽ ഭാരതത്തിന്റെ രാജ്യതന്ത്രവും നയവും നിലപാടുകളും ജയശങ്കർ പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള പ്രധാന ഭീകരാക്രമണങ്ങൾ പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ നിന്നാണ് നടക്കുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെ ചില രാജ്യങ്ങൾ അനുകൂലിക്കുന്നുണ്ട്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് സഹകരിക്കുന്നവർ അത് അവരെ തിരിഞ്ഞുകൊത്തുമെന്ന് ഒരിക്കൽ കണ്ടെത്തും, ജയശങ്കർ പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസംഗത്തിൽനിന്ന്:
– സഭയ്ക്ക് ഭാരത ജനതയുടെ നമസ്കാരം. ഈ അതുല്യമായ സംഘടന സ്ഥാപിതമായതിന് എട്ട് പതിറ്റാണ്ടായി. യുദ്ധം തടയാൻ മാത്രമല്ല, സമാധാനം കെട്ടിപ്പടുക്കാനും യുഎൻ ചാർട്ടർ നമ്മോട് ആഹ്വാനം ചെയ്യുന്നു. അവകാശങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല, ഓരോ മനുഷ്യന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനും.
– സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഭാരതം ഈ വെല്ലുവിളി നേരിട്ടിട്ടുണ്ട്, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരൻ ഉണ്ട്. പതിറ്റാണ്ടുകളായി, പ്രധാന അന്താരാഷ്ട്ര ഭീകരാക്രമണങ്ങൾ ആ ഒരു രാജ്യത്തിൽ നിന്നാണ്. ഭീകര കേന്ദ്രങ്ങൾ അവിടെ വ്യവസായം പോലെ പ്രവർത്തിക്കുന്നു, ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുന്നു, ഭീകരതയ്ക്ക് ധനസഹായം ചെയ്യുന്നു; ഇവ തടയണം.
– ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഭീകരവാദികളുടെ പട്ടികയിൽ ആ രാജ്യത്തെ പൗരന്മാരാണ് അധികവും. അതിർത്തി കടന്നുള്ള ക്രൂര ഭീകരതയുടെ ഏറ്റവും പുതിയ ഉദാഹരണം ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവമായിരുന്നു. ഭീകരതയ്ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഭാരതം വിനിയോഗിക്കുകയും അതിന്റെ ആസൂത്രകരെയും കുറ്റവാളികളെയും നീതിയുടെ മുന്നിൽ കൊണ്ടുവരികയും ചെയ്തു.
– നമ്മുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം, ഭീഷണികളെയും നാം ശക്തമായി നേരിടണം. ഭീകരവാദത്തെ ചെറുക്കുക എന്നത് ഒരു പ്രത്യേക മുൻഗണനയാണ്, കാരണം അത് മതഭ്രാന്ത്, അക്രമം, അസഹിഷ്ണുത, ഭയം എന്നിവ ഒന്നിച്ചതാണ്.
– ഭീകരവാദം ഒരു പൊതുവായ ഭീഷണിയായതിനാൽ, കൂടുതൽ ആഴത്തിലുള്ള അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണ്.
ഭീകരതയെ ഒരു രാഷ്ട്രനയമായി ചില രാഷ്ട്രങ്ങൾ പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്ധമായി അപലപിക്കണം. – പ്രമുഖ തീവ്രവാദികൾക്ക് മാന്യത നൽകുമ്പോഴും അവരുടെ ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം ചെയ്യുമ്പോഴും അത് തടയണം. മുഴുവൻ ഭീകര ആവാസവ്യവസ്ഥയിലും നിരന്തരമായ സമ്മർദ്ദം ചെലുത്തണം.
– ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് സഹകരിച്ച് ക്ഷമിക്കുന്നവർക്ക് അത് അവരെത്തന്നെ തിരിഞ്ഞുകൊത്താൻ വരുന്നതായി ഒരിക്കൽ മനസ്സിലാകും.
– വസ്തുനിഷ്ഠമായ റിപ്പോർട്ട് കാർഡ് വിശകലനത്തിൽ വ്യക്തമാകുന്നത്, യുഎൻ പ്രതിസന്ധിയിലാണെന്നാണ്. സംഘർഷങ്ങളിൽ നിന്ന് സമാധാനം ഭീഷണിയിലാകുമ്പോൾ, വിഭവങ്ങളുടെ അഭാവം മൂലം വികസനം പാളം തെറ്റുമ്പോൾ, ഭീകരതയാൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ, യുഎൻ നിശ്ചലമായി തുടരുന്നു. പൊതുവായ അടിത്തറ കെട്ടിപ്പടുക്കാനുള്ള കഴിവ് കുറയുമ്പോൾ, ബഹുരാഷ്ട്രവാദത്തിലുള്ള വിശ്വാസവും കുറയുന്നു.
കൗൺസിലിലെ സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗത്വം വികസിപ്പിക്കണം. പരിഷ്കരിച്ച ഒരു കൗൺസിൽ യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ളതായിരിക്കണം. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഭാരതം തയ്യാറാണ്.
– പ്രതിസന്ധി ഘട്ടങ്ങളിൽ നാം മുന്നോട്ട് പോകേണ്ടതുണ്ട്. അയൽ രാജ്യങ്ങളിൽ ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുള്ളപ്പോൾ ഭാരതം മുന്നോട്ട് വന്നിട്ടുണ്ട്. ധനകാര്യം, ഭക്ഷണം, വളം അല്ലെങ്കിൽ ഇന്ധനം എന്നിവയായാലും, നമ്മുടെ അയൽക്കാരുടെ അടിയന്തര ആവശ്യങ്ങൾക്ക് ഞങ്ങൾ സഹകരണം നൽകിയിട്ടുണ്ട്.
– അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളിൽ ഭാരതം സഹായം നൽകുന്നത് അഫ്ഗാനിസ്ഥാനിലെയും മ്യാൻമറിലെയും ജനങ്ങൾ കണ്ടു. സുരക്ഷിതമായ വാണിജ്യം ഉറപ്പാക്കുന്നതിനും, കടൽക്കൊള്ളയെ ചെറുക്കുന്നതിനും, വടക്കൻ അറബിക്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനുമുള്ള ഭാരത ശ്രമങ്ങൾ നമ്മുടെ സൈനികർ സമാധാനപാലനം ഉറപ്പാക്കുന്നു, ഭാരത നാവികർ സമുദ്ര ഷിപ്പിംഗിനെ സംരക്ഷിക്കുന്നു, സുരക്ഷാ സംവിധാനങ്ങൾ ഭീകരവാദത്തെ നേരിടുന്നു, ഭാരത ഡോക്ടർമാരും അധ്യാപകരും ലോകമെമ്പാടുമുള്ള മനുഷ്യവികസനത്തിന് സൗകര്യമൊരുക്കുന്നു, ഭാരത വ്യവസായരംഗം, താങ്ങാനാവുന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നു, ടെക്കികൾ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നു, ഭാരതത്തിന്റെ പരിശീലന സൗകര്യങ്ങൾ ലോകത്തിന് തുറന്നിരിക്കുന്നു. ഇവ നമ്മുടെ വിദേശനയത്തിന്റെ കാതൽ ആയി തുടരുന്നു.
ഭാരതം എപ്പോഴും അതിന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തുകയും ആഗോള ദക്ഷിരാജ്യശക്തികളുടെ ശബ്ദമായിരിക്കുകയും ചെയ്യും.
– സംഘർഷങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ഉക്രെയ്നിലും ഗാസയിലും, നേരിട്ട് ഉൾപ്പെടാത്തവർ പോലും അതിന്റെ ആഘാതം അനുഭവിച്ചിട്ടുണ്ട്. എല്ലാ കക്ഷികളെയും ഉൾപ്പെടുത്താൻ കഴിയുന്ന രാഷ്ട്രങ്ങൾ പരിഹാരങ്ങൾക്കായുള്ള അന്വേഷണത്തിൽ മുന്നിട്ടിറങ്ങണം. ശത്രുത അവസാനിപ്പിക്കാൻ ഭാരതം ആവശ്യപ്പെടുകയും സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഏതൊരു സംരംഭത്തെയും പിന്തുണയ്ക്കുകയും ചെയ്യും.
















