കരൂർ : തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതിനിടെ, സംഘാടകരും വിജയ്‌യും നേരിട്ട് നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയരാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
പാർട്ടി പൊലീസിന് നൽകിയ അപേക്ഷയിൽ, യോഗത്തിൽ 10,000 പേർ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥലത്തെത്തിയത് 2 ലക്ഷത്തോളം ആളുകളാണ്. കൂടാതെ, യോഗ വേദി പരമാവധി 60,000 പേർക്കു മാത്രമേ ഉൾക്കൊള്ളാവൂ എന്ന എൻജിനീയറുടെ റിപ്പോർട്ടും അവഗണിക്കപ്പെട്ടു. അരലക്ഷം പേർക്ക് മാത്രമേ സുരക്ഷിതമായി ഉൾക്കൊള്ളാവുന്ന സ്ഥലത്ത് നാലിരട്ടി ആളുകളെ നിറച്ചത് തന്നെ ദുരന്തത്തിനുള്ള മുഖ്യ കാരണം എന്നു പൊലീസ് വിലയിരുത്തുന്നു.
പ്രഖ്യാപിച്ച സമയത്തേക്കാൾ മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിയത്. ഇതോടെ കരൂർ പട്ടണം മുഴുവൻ സ്തംഭിക്കുകയും, മണിക്കൂറുകളോളം കത്തുന്ന വെയിലിൽ ജനങ്ങളെ കാത്തുനിർത്തുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പാർട്ടിയും നേതാക്കളും ഗുരുതരമായ വീഴ്ച വരുത്തിയതായി പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റാലി വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളിലും സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ആരോപണം ശക്തമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ജനക്കൂട്ടം ട്രാൻസ്ഫോർമറുകളിലും മരങ്ങളിലും കെട്ടിടങ്ങളിലുമൊക്കെ കയറിയിരുന്നു. അനുമതിയില്ലാത്ത കുട്ടികളും പ്രായമായവരും സമ്മേളന വേദിയിൽ എത്തിയതോടെ സാഹചര്യം കൂടുതൽ വഷളായി.
സംഭവത്തെ തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വിജയ് കാരവാനിലേക്ക് മടങ്ങി ചെന്നൈയിലേക്ക് തിരിച്ചെത്തി. വിജയ്‌യുടെ വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, സുരക്ഷാ വീഴ്ചകളിൽ പാർട്ടി നേതൃത്വത്തിനും വിജയ്‌ക്കും നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പൊലീസ് എടുത്തിരിക്കുന്നത്. അതിനാൽ വിജയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ട്.
മുൻ സമ്മേളനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ആവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. വിക്രവാണ്ടിയിലെ ആദ്യ സമ്മേളനത്തിൽ വെള്ളവും ഭക്ഷണവും പോലും ലഭിക്കാതെ നിരവധി പേർ ബുദ്ധിമുട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ അനുമതിയില്ലാതെ നടത്തിയ വിജയ്‌യുടെ റോഡ് ഷോ നഗരത്തെ സ്തംഭിപ്പിക്കുകയും, നാഗപട്ടണത്ത് പ്രവർത്തകർ തള്ളിക്കയറിയപ്പോൾ വിവാഹ മണ്ഡപത്തിന്റെ മതിൽ തകർന്നു വീഴുകയും ചെയ്തിരുന്നു.
കരൂരിലെ ദുരന്തം ഇതിന്റെ പരമാവധി രൂപമാണ്. ഇത്തരം ആവർത്തിച്ച സുരക്ഷാ വീഴ്ചകൾ വിജയ്‌ക്കെതിരായ കേസിന് അടിസ്ഥാനം നൽകുന്നുവെന്നാണ് വിലയിരുത്തൽ.
മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡന്റ് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്.















