തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍ പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടര്‍ പട്ടിക ഈ മാസം 29ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ പറഞ്ഞു.
അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിക്കും.ഈ മാസം രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടര്‍പട്ടികയില്‍ 2,83,12,458 വോട്ടര്‍മാരുണ്ട്. 1,33,52,947പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാന്‍സ്ജെന്‍ഡറുമാണ് വോട്ടര്‍പട്ടികയിലുള്ളത്.പട്ടികയില്‍ 2087 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പരിശോധനയ്‌ക്ക് ലഭിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും കരട് വോട്ടര്‍പട്ടിക ലഭിക്കും.
ഒക്ടോബര്‍ 14 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകും. തിരുത്തലുകള്‍ വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നല്‍കാം.
















