ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ ആറാം ജയം. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെതിരെ സൂപ്പര്‍ ഓവറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. അഭിഷേക് ശര്‍മ (31 പന്തില്‍ 61), തിലക് വര്‍മ (34 പന്തില്‍ 49), സഞ്ജു സാംസണ്‍ (23 പന്തില്‍ 39) എന്നിവരുടെ മികവായിരുന്നു ഇന്ത്യയെ ഉയർന്ന സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയും 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. പതും നിസ്സങ്ക (58 പന്തില്‍ 107) സെഞ്ചുറിയോടെ ടീം മത്സരത്തിലേയ്‌ക്ക് തിരിച്ചെത്തിച്ചു. കുശാല്‍ പെരേര (32 പന്തില്‍ 58) നല്‍കിയ കൂട്ടുപോരും ശ്രീലങ്കയെ വിജയസാധ്യതയിലേക്ക് എത്തിച്ചു.ജസ്പ്രീത് ബുമ്രയുടെയും ശിവം ദുബെയുടെയും അഭാവത്തിൽ ടീമിലെത്തിയ പേസർമാരായ അർഷ്ദീപ് സിങ്ങിനും ഹർഷിത് റാണയ്‌ക്കും മികച്ച പ്രകടനം നടത്താനായില്ല.
അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്കക്ക്, നിസ്സങ്ക പുറത്തായതോടെ സമ്മര്‍ദ്ദം കൂടുകയും മത്സരം സമനിലയിലാവുകയും ചെയ്തു.
തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 2 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകളും നഷ്ടമാക്കി.കുശാല്‍ പെരേരയും(0) ദസുന്‍ ഷനകയും (0)വേഗം പുറത്തായി. ഇന്ത്യയ്‌ക്ക് വേണ്ടത് 3 റണ്‍സ് മാത്രമായിരുന്നു. ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ യാദവ് (3*) ഇന്ത്യക്ക് വിജയം ഉറപ്പാക്കി.
















