കോട്ടയം: വാഹന പരിശോധനയ്‌ക്കിടെ വൈദികനോട് ചിങ്ങവനം വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ അപമര്യാദയായി പെരുമാറിയതായി പരാതി.സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കുറിച്ചി വലിയപള്ളി വികാരി ഫാ. റിറ്റു പാച്ചിറയെയാണ് പൊതുനിരത്തില്‍ പരസ്യമായി പോലീസ് അപമാനിച്ചത്. വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണെന്നും പറഞ്ഞിട്ടും ബൈക്ക് തടഞ്ഞുനിര്‍ത്തി ഊതിച്ചുവെന്നാണ് ആക്‌ഷേപം. മദ്യപിച്ചിട്ടുണ്ടൊയെന്നറിയാന്‍ ബ്രത്ത് അനലൈസര്‍ പരിശോധനയാണ് നടത്തിയത്. വൈദികനെന്ന് തിരിച്ചറിഞ്ഞിട്ടും തടഞ്ഞു നിര്‍ത്തുകയും ‘ഏതച്ചനായാലും ഊതിയിട്ട് പോയാല്‍ മതി’ എന്ന് ആക്രോശിക്കുകയുമായിരുന്നു. താന്‍ മദ്യപിക്കുന്നയാളല്ലെന്നും പൊതുജനമധ്യത്തില്‍ തന്നെ ഊതിക്കുന്നത് ശരിയാണോയെന്നും വൈദികന്‍ ചോദിച്ചതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.
കുപ്പായമിട്ടാല്‍ മര്യാദയ്‌ക്ക് ഇരിക്കണം, കൊണ്ടുപോയി കേസ് കൊടുക്ക്, തന്നെയൊന്നും ചെയ്യാനില്ല, തന്റെ പേര് എഴുതിയെടുത്തോളൂ എന്നൊക്കെ പോലീസുകാര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. എന്നാല്‍ വൈദികനെ പരിശോധിച്ചുവെന്നും അപമാനിക്കുന്നതരത്തില്‍ പെരുമാറിയിട്ടില്ലന്നുമാണ് പൊലീസ് പറയുന്നത്.
















