ബെംഗളൂരു: ബെംഗളൂരുവിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചു കയറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഹിന്ദി ദിവസുമായി ബന്ധപ്പെട്ട യോഗം തടസ്സപ്പെടുത്തിയതിന് കന്നഡ അനുകൂല സംഘടനയിലെ 41 പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്ഭാഷാ സമിതി (ഔദ്യോഗിക ഭാഷാ സമിതി) വിളിച്ച മൂന്ന് ദിവസത്തെ യോഗമാണ് തടസപ്പെടുത്തിയത്. ‘ഹിന്ദി പ്രമോഷൻ മീറ്റിംഗ്’ എന്ന പരിപാടിയിൽ ആറ് പാർലമെന്റ് അംഗങ്ങളും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
പരിപാടിയുടെ അവസാന ദിവസം രാവിലെ 10:45 ഓടെ 30 മുതൽ 40 വരെ പ്രതിഷേധക്കാർ അനുമതിയില്ലാതെ വേദിയിലേക്ക് പ്രതിഷേധം പ്രകടിപ്പിച്ച് അതിക്രമിച്ച് കടക്കുകയായിരുന്നു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ സംഘാടകർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംഘം യോഗ അജണ്ടയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചതായി പോലീസ് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ പ്രതികരിക്കുകയും, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും, സ്ഥലത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. യോഗം നിശ്ചയിച്ചതുപോലെ നടന്നു. 41 പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് ഒന്നാം എസിജെഎം കോടതിയിൽ ഹാജരാക്കി, കോടതി അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















