കണ്ണൂര്‍:പൊലീസ് ജില്ലാ ആസ്ഥാന പരിസരത്ത് അതിക്രമിച്ചു കയറി പിറന്നാള്‍ ആഘോഷം നടത്തിയ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഈ മാസം 16-ാം തീയതിയാണ് ആഘോഷം നടന്നത്.
പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഹെഡ്ക്വാട്ടേഴ്‌സ് പരിസരത്ത് കടന്ന ശേഷം യുവതിയെ വിളിച്ച് വരുത്തി പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.
ഇതിന് ശേഷം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന വ്യാജേനയാണ് ധന്യ എന്ന യുവതിയെ വിളിച്ചത്.യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്തണമെന്നുമാണ് വിഡിയോയിലെ സംഭാഷണങ്ങളിലുള്ളത്. സ്ഥലത്തെത്തിയ യുവതിക്ക് സര്‍പ്രൈസായാണ് പിറന്നാള്‍ ആഘോഷം നടത്തിയത്.
ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് പ്രതികള്‍ പൊലീസുദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ക്യാമ്പിനകത്ത് കയറിയതെന്നു വ്യക്തമായി. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തത്.
















