ബാംഗ്ലൂരു: ബാംഗ്ലൂരുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് നാട്ടിലേക്ക് കടന്നുകളഞ്ഞുവെന്നുമുള്ള യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിനെതിരെയാണ് (40) കേസെടുത്തത്. എന്നാല്‍ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടാണ് താന്‍ കേരളത്തിലേക്ക് പോന്നതെന്നാണ് അഭയുടേതായി പൊലീസിന് ലഭിച്ച വീഡിയോയില്‍ പറയുന്നത്. തിരിച്ചെത്തി യുവതിയെ വിവാഹം കഴിക്കുമെന്നും ഒപ്പം ജീവിക്കുമെന്നും വീഡിയോയില്‍ അഭയ് പറയുന്നുണ്ട്.
തന്റെ മകളുടെ പരിശീലകനായിരുന്ന അഭയ്, നാല് വര്‍ഷം മുന്‍പ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്ത് സൗഹൃദത്തിലാവുകയും രണ്ട് വര്‍ഷം മുന്‍പ് വാടകവീടെടുത്ത് ഒപ്പം താമസിക്കുകയുമായിരുന്നെന്ന് യുവതി പറയുന്നു. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ കടന്നുകളഞ്ഞു. തന്‌റെ സ്വകാര്യ രംഗങ്ങള്‍ അഭയ് മാത്യുവിന്‌റെ ഫോണിലുണ്ടെന്നും പരാതിയില്‍ പറയുന്നു.
















