തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളോട് പിണറായി സര്‍ക്കാരിന്റെ കൊടും വഞ്ചന. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയിരുന്ന അരപ്പവന്‍ സ്വര്‍ണ മെഡലുകള്‍ അഞ്ചുവര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്നു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നാലുഗ്രാം തൂക്കമുള്ള സ്വര്‍ണമെഡല്‍ നല്കുന്നതാണ് പദ്ധതി. 2020 മുതല്‍ സ്വര്‍ണമെഡലും കാത്തിരിക്കുന്നത് ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ഇത് ഏകദേശം 10,000 പവനോളം വരും.
പട്ടികജാതി വികസനവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടി അനുസരിച്ച് 2019ലാണ് അവസാനമായി സ്വര്‍ണമെഡല്‍ നല്കിയത്. വകുപ്പ് തലത്തില്‍ വിവരശേഖരണം നടത്തിയിട്ടുള്ള 2020, 2021, 2022 വര്‍ഷങ്ങളില്‍ മാത്രം 9954 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അരപ്പവന്‍ വീതം സ്വര്‍ണമെഡല്‍ നല്‍കാനുണ്ട്. 2023, 2024, 2025 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കണക്ക് വകുപ്പിലും ഇല്ലെന്നാണ് സൂചന. ഇത് കൂടി കണക്കാക്കിയാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം 20,000 എത്തും. ഇതോടെ മെഡല്‍ കുടിശ്ശിക 10,000 പവനിലേക്ക് എത്തും. വിപണി വില അനുസരിച്ച് 84.6 കോടിരൂപയുടെ സ്വര്‍ണമെഡലുകളാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. സ്വര്‍ണ വില കൂടിയതിനാല്‍ പദ്ധതി തടസപ്പെട്ടു എന്നാണ് സര്‍ക്കാര്‍ വാദം.
ഇത് കൂടാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പ്രതിഭകള്‍ക്ക് നല്‍കേണ്ട 10,000 രൂപ ക്യാഷ് പ്രൈസും തടഞ്ഞുവച്ചിരിക്കുന്നു. 2019ല്‍ മാത്രം 176 കലോത്സവ പ്രതിഭകള്‍ക്ക് 10,000രൂപ വീതം നല്‍കാനുണ്ട്. അതിനുശേഷം അപേക്ഷ പോലും പട്ടികജാതി വികസന വകുപ്പ് സ്വീകരിച്ചിട്ടില്ല. 2020 മുതല്‍ കഴിഞ്ഞ വര്‍ഷത്തെ കലോത്സവ പ്രതിഭകള്‍ക്കുവരെ ക്യാഷ് പ്രൈസിന് അര്‍ഹതയുണ്ട്. കഴിഞ്ഞ വര്‍ഷംമുതല്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ തനത് കലാരൂപങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. ഫയല്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെങ്കിലും ആ തുകപോലും അനുവദിച്ചിട്ടില്ല.
















