കോട്ടയം : കേരള ജനത മുഖദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭരണത്തിലെ പൊന്നു തമ്പുരാക്കന്മാര്‍ക്ക് ജനം നെഞ്ചിലേറ്റിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി ഉറക്കം കെടുത്തുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി.കേരളത്തിലെ മന്ത്രിമാരെയും മുഖ്യനെയും കാറിലും ഹെലികോപ്റ്ററിലും അംഗരക്ഷകരുടെ വലയത്തിലും മാത്രമാണ് പത്തുവര്‍ഷമായി നാടു കാണുന്നത്.
സ്വന്തം മണ്ഡലത്തിലെ പൊതുഇടത്തില്‍ കസേരയിട്ട് ഇങ്ങനെ സംവദിക്കാന്‍ ചങ്കുറപ്പുള്ള ഏതെങ്കിലും ഭരണാധികാരിയുണ്ടോ. ന്യൂയോര്‍ക്കിലെ തെരുവില്‍ പഴഞ്ചന്‍ ഇരുമ്പ് കസേരയില്‍ ടൈയും കോട്ടുമണിഞ്ഞ് ഇരുന്ന ഇരട്ടചങ്കനെ നാട് മറന്നിട്ടില്ല. നാട്ടിലെത്തിയാല്‍ പിന്നെ ഈ മുഖം കാണാന്‍ മലയാളിക്ക് കഴിയില്ല. അപ്പോള്‍ അങ്ങനെ ചെയ്യുന്ന സുരേഷ് ഗോപിയെ കാണുമ്പോള്‍ നന്നായി ചൊറിയും. അലര്‍ജി ഉണ്ടാവും. അതിന് നല്ല ത്വക്ക് രോഗ വിദഗ്ധനെ സഖാക്കള്‍ ചെന്ന് കാണണം.അല്ലെങ്കില്‍ ചൊറിഞ്ഞു ചൊറിഞ്ഞ് പുണ്ണാകും.
ഒരു എംപി എന്ന നിലയില്‍ തൃശൂരാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം. എങ്കിലും നാടിന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ച് എല്ലാ ജില്ലകളിലും അദ്ദേഹം എത്തുകയാണ്. എംപി ഫണ്ട് എന്ന പരിമിതിക്ക് പുറത്ത് സ്വന്തം അധ്വാനത്തിന്റെ പങ്കാണ് അദ്ദേഹം പലപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്നത്.അതാണ് സുരേഷ് ഗോപി എന്ന വ്യക്തിത്വത്തിന്റെ മാതൃക.
കേരളത്തിലെ ഹിന്ദുമത വിശ്വാസികള്‍ ആഗ്രഹിച്ചിരിക്കുന്ന ഒരു ആശയമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്. അയ്യപ്പ വിശ്വാസികളെ തല്ലിച്ചതക്കുന്നത് കണ്ട ഓരോ വിശ്വാസിയുടെയും പ്രാര്‍ത്ഥനയാണ് അദ്ദേഹം യാഥാര്‍ത്ഥ്യമാക്കും എന്ന് പ്രഖ്യാപിച്ചത്.
അപ്പോള്‍ പിണറായിയുടെ ഓശാന പാട്ടുകാര്‍ സുരേഷ് ഗോപിക്കെതിരെ ചെണ്ട കൊട്ടിയിട്ട് കാര്യമില്ല. 10 വര്‍ഷമായി സംസ്ഥാനത്തെ ബാധിച്ച രാഷ്‌ട്രീയ അര്‍ബുദത്തെ
വേരോടെ പിഴുതെറിയാന്‍ നാട്കാത്തിരിക്കുകയാണ്. സെല്‍ ഭരണത്തിലൂടെ നാട്ടുകാരെ പൊലീസുകാര്‍ മര്‍ദ്ദിച്ച അവശരാക്കുമ്പോള്‍ അത് കണ്ട് ആവേശം കൊള്ളുന്ന പൈശാചിക ശക്തികള്‍ പിടികൂടി യിരിക്കുകയാണ് ഭരണ സാരഥികളെ.
ആ മനോരോഗത്തിന് ആയുര്‍വേദത്തില്‍ നെല്ലിക്കാത്തളം എന്നൊരു ചികിത്സയുണ്ട്.എത്രയും വേഗം അത് ചെയ്യണം.
















