തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 500 എംബിബിഎസ് സീറ്റുകള്‍ കൂടി അനുവദിച്ച് ആരോഗ്യ സര്‍വകലാശാല വിജ്ഞാപനമിറക്കി. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണിത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 100 സീറ്റിന്‌റെ വര്‍ദ്ധന നേരെത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് എം.ബി.ബി.എസ് സീറ്റുകള്‍ 5155 ആയി.
കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് 150ല്‍ നിന്ന് 200ആയി. കോഴിക്കോട് മലബാര്‍ കോളേജില്‍ 200ല്‍ നിന്ന് 250, തൊടുപുഴ അല്‍-അസ്ഹറില്‍ 150ല്‍ നിന്ന് 250, തൃശൂര്‍ ജൂബിലിയില്‍ 100ല്‍ നിന്ന് 150, പാലക്കാട് പുതിയ മെഡിക്കല്‍ കോളേജില്‍ 150, തിരുവനന്തപുരം എസ്.യു.ടിയില്‍ 150ല്‍ നിന്ന് 200, വാണിയംകുളം പി.കെ ദാസ് കോളേജില്‍ 200 ല്‍ നിന്ന് 250 എന്നിങ്ങനെയാണ് സീറ്റ് കൂട്ടിയത്.കാസര്‍കോട്, വയനാട് ഗവ. മെഡിക്കല്‍ കോളേജുകളില്‍ അനുവദിച്ച 50 വീതം സീറ്റുകളില്‍ ഇക്കൊല്ലം തന്നെ പ്രവേശനം നടത്തും.
















