തിരുവനന്തപുരം:കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം . ജിഎസ്ടി ഉള്‍പ്പടെ 1316.13 കോടി രൂപയ്‌ക്കാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്.
ചെന്നൈ- ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി നിര്‍മിക്കാന്‍ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും പങ്കാളിത്തമുള്ളതാണ് പദ്ധതി. കഴിഞ്ഞ ജൂണില്‍ മന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ സന്ദര്‍ശിച്ച് വ്യാവസായിക ഇടനാഴിക്കുള്ള അംഗീകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാനം പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങളെപ്പറ്റി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
















