ന്യൂദല്‍ഹി: ഇന്ത്യയുടെ വനിതാ ഗ്രാന്‍റ് മാസ്റ്റര്‍ ദിവ്യ ദേശ്മുഖിന് ആഗോള ചെസ് ഫെഡറേഷനായ ഫിഡെ ഗോവയില്‍ സംഘടിപ്പിക്കുന്ന ലോകകപ്പ് ചെസ് ടൂര്‍ണ്ണമെന്‍റിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ദിവ്യ ദേശ്മുഖിന്റെ പ്രകടനം വിലയിരുത്തിയാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഫിഡെ സമിതി അനുമതി നല്‍കിയത് ഫിഡെ സിഇഒ എമില്‍ സുടോവ്സ്കിയാണ് ഈ തീരുമാനം എക്സിലൂടെ അറിയിച്ചത്.
ദിവ്യയെക്കൂടാതെ ചെസ്സില്‍ അത്ഭുതം പ്രകടിപ്പിക്കുന്ന മറ്റ് അഞ്ച് യുവകൗമാര താരങ്ങള്‍ക്കും കൂടി ഫിഡെ വൈല്‍ഡ് കാര്‍ഡ് പ്രവേശനം നല്‍കിയിട്ടുണ്ട്. ഇതില്‍ 16കാരനായ അമേരിക്കയുടെ അഭിമന്യു മിശ്ര, ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന അര്‍ജന്‍റീനയില്‍ നിന്നുള്ള 11 കാരന്‍ ഫോസ്റ്റിനോ ഒറോ എന്നിവര്‍ ഉള്‍പ്പെടുന്നു. ഒരിയ്‌ക്കല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാന്‍ യോഗ്യത നേടിയ കിറില്‍ അലക്സീങ്കോ , യുഎസ് ജൂനിയര്‍ ചാമ്പ്യനായ ആന്‍ഡി വുഡ് വേഡ്, ലോക റാപ്പിഡ് ചാമ്പ്യനായ 19 കാരന്‍ വൊളോഡര്‍ മുസിന്‍ എന്നിവരാണ് മറ്റ് മൂന്ന് പേര്‍.
ഒക്ടോബര്‍ 31ന് ഗോവയല്‍ ആരംഭിക്കുന്ന ഫിഡെ ലോക കപ്പ് ചെസ് നവമ്പര്‍ 27 വരെ നീളും. ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഒരു താരം പിന്‍മാറിയ ഒഴിവിലേക്കാണ് ദിവ്യ ദേശ്മുഖിന് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. ചൈനയിലെ ഉയര്‍ന്ന റാങ്കുള്ള താരങ്ങളായ ജൂ വെന്‍ജുനും ഹൗ യിഫാനും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടെങ്കിലും പങ്കെടുക്കുന്നില്ല. ഇപ്പോഴത്തെ വനിതാ ലോകചാമ്പ്യനാണ് ജൂ വെന്‍ജുന്‍. ലോക ഒന്നാം നമ്പര്‍ താരമാണ് ഹൗ യിഫാന്‍.
ഈയിടെ സമാപിച്ച ഫിഡെ ഗ്രാന്‍റ് സ്വിസില്‍ പുരുഷ താരങ്ങള്‍ക്കൊപ്പം ഓപ്പണ്‍ വിഭാഗത്തില്‍ പങ്കെടുത്ത ദിവ്യ ദേശ്മുഖ് മികച്ച പ്രകടനം നടത്തിയിരുന്നു. 11 റൗണ്ടുകളില്‍ നിന്നായി രണ്ട് വിജയവും ആറ് സമനിലയും ഉള്‍പ്പെടെ നേടിയ ദിവ്യയ്‌ക്ക് ഏറെ അഭിന്ദനങ്ങള്‍ ലഭിച്ചു. അഞ്ച് പോയിന്‍റ് ദിവ്യ നേടി. ഇന്ത്യയുടെ കാര്‍ത്തികേയന്‍ മുരളി, ആര്‍മേനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയന്‍, ഇസ്രായേല്‍ ഗ്രാന്‍റ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍റ്, റഷ്യന്‍ ഗ്രാന്‍റ് മാസ്റ്ററായ അലെക്സാണ്ടര്‍ ഗ്രിസ് ചുക് എന്നിവരേക്കാള്‍ കൂടുതല്‍ പോയിന്‍റ് ദിവ്യ നേടി. ദിവ്യയേക്കാള്‍ ലോക റാങ്കിങ്ങില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് ഈ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍. മാത്രമല്ല ആഫ്രിക്കയിലെ നമ്പര്‍ താരമായ ബാസെം അമിനെ അട്ടിമറിച്ചു. ഇന്ത്യയുടെ ഗുകേഷുമായി ദിവ്യ സമനില പിടിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും ലോക ചാമ്പ്യന്‍ ഡി. ഗുകേഷ് ഉള്‍പ്പെടെ 20 താരങ്ങളില്‍ ഒരാളാണ് ദിവ്യ ദേശ്മുഖ്. തോറ്റവര്‍ പുറത്തുപോകുന്ന രീതിയാണ് ഈ ടൂര്‍ണ്ണമെന്‍റിലെ ആദ്യ റൗണ്ടുകളില്‍. അതിനാല്‍ മത്സരം കടക്കുമെന്ന് മാത്രമല്ല, മത്സരാര്‍ത്ഥികള്‍ സമ്മര്‍ദ്ദവും ഏറെയുണ്ടാകും.
ലോകത്തെ മുന്‍നിരയില്‍ നില്‍ക്കുന്ന 206 പേര്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്‌ക്കും. ഇതിലെ ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് ലോക ചാമ്പ്യനെ വെല്ലുവിളിക്കാനുള്ള താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാനാകും. ദിവ്യ ഇതിനകം വനിതകളുടെ 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കഴിഞ്ഞ മാസം ഫിഡെ ലോക വനിതാ ലോകകപ്പ് ചെസ്സില്‍ ദിവ്യ ചാമ്പ്യനായതോടെയാണ് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഈ ടൂര്‍ണ്ണമെന്‍റില്‍ ഫൈനലില്‍ ദിവ്യ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ആണ് തോല്‍പിച്ചത്. രണ്ടാം സ്ഥാനക്കാരിയായ കൊനേരു ഹംപിയും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. വനിതാ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ വൈശാലിയും യോഗ്യത നേടിയിരുന്നു. കഴിഞ്ഞ ആഴ്ച സമര്‍ഖണ്ഡില്‍ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസില്‍ വനിതാവിഭാഗം ചാമ്പ്യനായതോടെയാണ് വൈശാലി കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
















