കൊച്ചി: ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ നടത്തിയ പരിശോധനയെക്കുറിച്ച് വിശദീകരിക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് വിളിച്ച പത്രസമ്മേളനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു.പത്രസമ്മേളനം നടക്കവെ കസ്റ്റംസ് കമ്മീഷണറുടെ മൊബൈല്‍ ഫോണിലേക്ക് വിളി വന്നു. കമ്മീഷണര്‍ ,സര്‍ എന്ന് വിളിച്ച് സംസാരിച്ച് കൊണ്ട് എഴുന്നേറ്റ് സംസാരിച്ചതിന് പിന്നാലെ പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍ വന്നത്.
നടന്‍ പൃഥ്വിരാജിന്റെ പേരിലും ഇത്തരമൊരു കാര്‍ ഉണ്ടെന്നും എന്നാല്‍ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി.
















