ന്യൂഡൽഹി ;71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ അഞ്ച് പുരസ്കാരങ്ങളുമായി മലയാള സിനിമ. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവാണ് വിജയികള്‍ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട’ ഉള്ളൊഴുക്കി’ന് വേണ്ടി സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സഹനടിക്കുള്ള നടി ഉർവശിയും മികച്ച സഹനടന്മാരിൽ ഒരാളായി നടൻ വിജയരാഘവനും പുരസ്‌കാരം ഏറ്റുവാങ്ങി. പൂക്കാലത്തിലെ അഭിനയത്തിനാണ് അംഗീകാരം.
നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം.കെ രാംദാസ് സംവിധാനം ചെയ്ത ‘നെകല്‍’ തിരഞ്ഞെടുക്കപ്പെട്ടു. നെകലിനായി എംകെ രാംദാസ് പുരസ്കാരം സ്വീകരിച്ചു. ജൂഡ് ആന്റണി ജോസഫ് ചിത്രം’ 2018′ ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം സ്വീകരിച്ചു. ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററിനുള്ള പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി.
ദാദാ സാബിഹ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ നടൻ മോഹൻലാലിനെ കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു. ഇന്ന് കയ്യടി കൊടുക്കേണ്ടത് മോഹൻലാലിനാണെന്നും താങ്കൾ ഒരു ഉഗ്രൻ നടനാണെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവരും മികച്ച നടിക്കുന്ന അവാർഡ് റാണി മുഖർജിയും ഏറ്റുവാങ്ങി. ‘മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ’ എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി അർഹയായത്
















