സമ്പുഷ്ടമായ സംസ്‌കാരത്തിന്റെ ഒരു വലിയ സ്രോതസ്സ് ഭാരതത്തിനുണ്ട്. അതില്‍ പുരാതന വൈദ്യശാസ്ത്രമായ ആയുര്‍വേദവും ഉള്‍പ്പെടുന്നു. ഇടക്കാലത്തു നഷ്ടപ്പെട്ടു പോയ പ്രതാപത്തെ തിരിച്ചുപിടിക്കാനാണ് ഭാരതസര്‍ക്കാര്‍ ദേശീയ ആയുര്‍വേദ ദിനാചരണം പ്രഖ്യാപിച്ചത്. 2016-ല്‍ ആണ് ഇത് ആദ്യമായി പ്രഖ്യാപിച്ചത്. വൈദ്യശാസ്ത്ര ദേവനായ ധന്വന്തരിയുടെ ജന്മദിനമായിരുന്നു തുടക്കത്തില്‍ ഇതിനായി തെരഞ്ഞെടുത്തത്. 2025 മുതല്‍, ഭാരത സര്‍ക്കാര്‍ ദേശീയ ആയുര്‍വേദ ദിനം സെപ്റ്റംബര്‍ 23 ലേക്ക് ഔദ്യോഗികമായി മാറ്റി. ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്ത്വചിന്ത പ്രകാരം, പകലും രാത്രിയും തമ്മിലുള്ള സന്തുലിതാവസ്ഥ (ബാലന്‍സ്) ആരോഗ്യത്തിനും ജീവിതത്തിനും ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ശരത്കാല വിഷുവ(വിഷു)ദിനമായ സെപ്റ്റംബര്‍ 23-നാണ് ഇനി തുടര്‍ന്നും ആയുര്‍വേദ ദിനംആചരിക്കുക.
ഇന്ന് പത്താമത്തെ ദേശീയ ആയുര്‍വേദ ദിനം ആണ്. മുന്‍ വര്‍ഷങ്ങളിലെ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി, ഈ വര്‍ഷം കൂടുതല്‍ ജനങ്ങളിലേക്ക് ആയുര്‍വേദത്തിന്റെ നിത്യനൂതന സന്ദേശം എത്തിക്കുകയാണ് ഭാരത സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി പത്തു പ്രമേയങ്ങളാണ് ആയുഷ് തെരഞ്ഞെടുത്തിരിക്കുന്നത്.
1. ആയുര്‍വ്വേദം: മനുഷ്യനും പ്രകൃതിക്കും വേണ്ടി. (പരിസ്ഥിതി നിലനില്‍പ്പില്‍ ആയുര്‍വ്വേദത്തിന്റെ സംഭാവന, ഔഷധ സസ്യങ്ങളും ജൈവവൈവിധ്യവും ഇതില്‍ ഉള്‍പ്പെടും) .
2. ആയുര്‍വ്വേദത്തിലൂടെ പ്രതിരോധാരോഗ്യം (ദിനചര്യ -ദൈനംദിന ക്രമങ്ങള്‍, ഋതുചര്യ, പ്രകൃതിദത്തമായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍ മുതലായവ )
3 ജീവനശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ആയുര്‍വ്വേദത്തിന്റെ സമീപനം. (പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, മാനസിക സമ്മര്‍ദ്ദം, ആകുലത, മാനസികാരോഗ്യം ഇവയെ എപ്രകാരം പരിഹരിക്കാം).
4. ഔഷധ ചികിത്സകളും പ്രകൃതി ചികിത്സകളും. (സാധാരണ ഔഷധസസ്യങ്ങളും അവയുടെ ഉപയോഗങ്ങളും അവ സുരക്ഷിതമായി തയ്യാറാക്കലും ഉപയോഗ രീതിയും).
5. ആയുര്‍വ്വേദവും ഹൃദയാരോഗ്യവും. (ഹൃദയാരോഗ്യത്തിനായുള്ള ആഹാര-ജീവിതശൈലി ഇടപെടലുകള്‍
പഞ്ചകര്‍മ്മയും മസ്സാജ് ചികിത്സയും).
6. ആയുര്‍വ്വേദത്തിലെ പോഷണവും ആഹാരക്രമവും.(ത്രിദോഷ അടിസ്ഥാനത്തിലുള്ള ആഹാരക്രമം, അഗ്‌നിയുടെ (ജഠരാഗ്‌നി ) പ്രാധാന്യം).
7. ആയുര്‍വ്വേദ ഗവേഷണം, തെളിവുകളും നവീകരണങ്ങളും. (ആയുര്‍വ്വേദത്തെ ശരിവയ്‌ക്കുന്ന ക്ലിനിക്കല്‍ പഠനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും, ആധുനിക
സാങ്കേതികവിദ്യയുമായി ആയുര്‍വ്വേദത്തിന്റെ സംയോജനം)
8. മാനസികാരോഗ്യത്തിനായുള്ള ആയുര്‍വ്വേദം. (സമ്മര്‍ദ്ദ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍-ഔഷധങ്ങള്‍, ധ്യാനം, ശ്വസനക്രിയകള്‍) ഉറക്കക്രമവും മാനസിക സന്തുലിതാവസ്ഥയും).
9. ആയുര്‍വ്വേദവും സാമൂഹ്യാരോഗ്യവും. (ഗ്രാമീണാരോഗ്യത്തില്‍ ആയുര്‍വ്വേദത്തിന്റെ പങ്ക്, പൊതുജന
ബോധവത്കരണം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ഔട്ട്‌റീച്ച്).
10 ആയുര്‍വ്വേദവും യുവജനവും. (കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിനായുള്ള ആയുര്‍വേദ ശീലങ്ങള്‍, ആരോഗ്യകരമായ ശീലങ്ങള്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കല്‍.
ആയുര്‍വേദത്തെ നവീകരിച്ചു തെളിവുകളുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കുകയും അത് ലോക സമക്ഷം അവതരിപ്പിക്കുകയും ചെയ്യുവാനുള്ള ശ്രമം ആരംഭിച്ചി കഴിഞ്ഞു
സാംക്രമികേതര രോഗങ്ങള്‍, മാനസിക ക്ഷേമം, ആന്റിമൈക്രോബിയല്‍ പ്രതിരോധം, വയോജന പരിചരണം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്നു. ആഗോള ആരോഗ്യ
പങ്കാളിത്തങ്ങളില്‍ WHOയുടെ ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സെന്ററും അന്താരാഷ്‌ട്ര സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു . ആയുഷ് ഡിജിറ്റല്‍ മിഷന് കീഴിലുള്ള ഡിജിറ്റല്‍ ആരോഗ്യ ഉപകരണങ്ങളുമായുള്ള സംയോജനം – ടെലിമെഡിസിന്‍ നെറ്റ്‌വര്‍ക്കുകള്‍, ആയുര്‍വേദ ഡാറ്റ പോര്‍ട്ടലുകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ബ്ലോക്ക്‌ചെയിന്‍ ട്രെയ്‌സിംഗ് മുതലായവയും ഉള്‍പ്പെട്ട സെമിനാറുകള്‍ ഈ മാസം 18, 19 തീയതികളില്‍ കുമരകത്തു നടന്നു. ആയുഷ് മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനു പുതിയ ദിശാബോധം നല്കുക എന്ന
ലക്ഷ്യത്തോടെയാണ് ശില്പശാല പുരോഗമിക്കുന്നത്.
ഈ വര്‍ഷത്തെ പ്രധാന സംരംഭങ്ങള്‍ താഴെ ചേര്‍ക്കുന്നവയാണ്:
1. ഐഡിയ ഹാക്കത്തോണുകളും സ്റ്റാര്‍ട്ടപ്പ് പിന്തുണയും 700 ആയുഷ് സ്ഥാപനങ്ങളില്‍ ആരംഭിച്ചു, അവിടെ വിദ്യാര്‍ത്ഥികള്‍ ആശയങ്ങള്‍ അവതരിപ്പിക്കുകയും ഇന്‍കുബേഷനായി 100 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കുകയും
ചെയ്തു.
2. ആയുര്‍വേദ ഭക്ഷണത്തിലും സാങ്കേതികവിദ്യയിലും നവീകരണം ന്യൂട്രാസ്യൂട്ടിക്കല്‍സ് (ആയുര്‍ ആഹര്‍), ബയോടെക്, ഡാറ്റാ സയന്‍സ് പ്ലാറ്റ്‌ഫോം വികസനം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്നു.
3. മെച്ചപ്പെടുത്തിയ ആഗോള വ്യാപനം 160-ലധികം രാജ്യങ്ങള്‍ ആഘോഷിക്കുന്നു; 30 രാജ്യങ്ങളില്‍ ആയുര്‍വേദം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു, 120-ലധികം രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നു.
4. ഡിജിറ്റല്‍ -ഗവേഷണ പ്ലാറ്റ്‌ഫോമുകള്‍, ആയുഷ് ഗവേഷണ പോര്‍ട്ടല്‍, ആയുഷ് ഗ്രിഡ്, നമസ്‌തെ പോര്‍ട്ടല്‍, ബ്ലോക്ക്‌ചെയിന്‍ കണ്ടെത്തല്‍ എന്നിവയുടെ വിപുലീകരണം.
എന്തുകൊണ്ട് ആയുര്‍വേദം പ്രധാനമാകുന്നു
പ്രതിരോധാധിഷ്ഠിത ആരോഗ്യം: ജീവിതശൈലി, ഭക്ഷണക്രമം, പ്രകൃതി ചികിത്സകള്‍ എന്നിവയിലൂടെ പ്രാരംഭ ഘട്ടത്തിലുള്ള, പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വേദം ഊന്നല്‍ നല്‍കുന്നു. ആഗോള ആരോഗ്യ നയതന്ത്രം: ഇന്ത്യന്‍ സമീപനത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നു; ആഗോള ആരോഗ്യ ഫോറങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെടുവാന്‍ ശ്രമം നടത്തുന്നു.
സുസ്ഥിരതയും സംയോജനവും: ആഗോള ക്ഷേമത്തിലും ഗൃഹാരോഗ്യത്തിലും പാരിസ്ഥിതികവും സമഗ്രവുമായ പ്രവണതകളുമായി പൊരുത്തപ്പെടുത്തി കൊണ്ടുപോവാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.
ഇതൊക്കെ ഭാരതത്തില്‍ നടക്കുമ്പോള്‍, മനുഷ്യ ജീവനോടോപ്പം തന്നെ ആയുര്‍വേദവും ഉദയം ചെയ്ത എന്ന് വിശ്വസിക്കപ്പെടുന്ന, മഹത്തായ ഭാരതീയ വൈദ്യ ശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം, കേരളത്തില്‍ വ്യാപകമായി നടക്കുന്നു. ഇത് യാദൃച്ഛികമാണ് എന്ന് കരുതുക വയ്യ. പ്രത്യേകിച്ചും ആധുനിക ആതുരശുശ്രൂഷ രംഗം അതിന്റെ അടിസ്ഥാനപരമായ ലക്ഷ്യങ്ങളില്‍ നിന്നും ബഹുദൂരം പിന്നോട്ട് സഞ്ചരിച്ചു ഒരു വ്യാവസായിക പദ്ധതിയിലും പരിവേഷത്തിലും പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുമ്പോള്‍.
ഇത്തരം സന്ദര്‍ഭങ്ങളില്‍, ഒരു വിഭാഗത്തില്‍ തന്നെയുള്ള മറ്റു സ്ഥാപനങ്ങളുമായി ആന്തരികമായും, ഇതര വൈദ്യങ്ങളുമായി അനാരോഗ്യകരമായ ഒരു മാത്സര്യത്തിനു മുതിരുക എന്നത് മനുഷ്യ സഹജമാണ്. എന്നാല്‍ അത് ഒരു കാരണ വശാലും വൈദ്യ ശാസ്ത്ര നൈതികതയ്‌ക്കു നിരക്കുന്നതല്ല. മേല്‍പറഞ്ഞ സാഹചര്യം നിലനില്‍ക്കെ, കപട ശാസ്ത്രങ്ങള്‍ക്ക് അംഗീകാരമുദ്ര നല്‍കരുത് എന്ന തലക്കെട്ടില്‍ എഴുതിയ ഒരു ലേഖനം കേരളത്തിലെ ഒരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചതും യാദൃച്ഛികമാണ് എന്ന് കരുതുക വയ്യ. ഒരു പ്രത്യേക അറിവിനെപ്പറ്റി, അതിനപ്പുറത്തു നില്‍ക്കുന്ന വ്യക്തികള്‍ നടത്തുന്ന വിലയിരുത്തലുകള്‍ എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല.
വ്യവസ്ഥാപിതമായ വൈദ്യശാസ്ത്രത്തിന്റെ ആദ്യകാല രീതികള്‍ ഇന്ത്യയിലാണ് ആരംഭിച്ചത്. ചരക സംഹിതകള്‍ ഉള്‍പ്പടെ സംഹിതകള്‍ വൈദ്യ ശാസ്ത്ര പരിജ്ഞാനത്തിന്റെ ഏറ്റവും പഴയ സ്രോതസ്സുകളാണ്. പുരാതന ഇന്ത്യന്‍ വൈദ്യ ശാസ്ത്രത്തിലെ അറിവുകള്‍ പാശ്ചാത്യ ലോകത്തേക്ക് എങ്ങിനെ വ്യാപിച്ചു
എന്ന് നിശ്ചയമില്ല. ഇത് അതിശയകരം എന്നെ പറയുവാന്‍ കഴിയൂ. ആയുര്‍വേദത്തിലെ ഹൃദയം എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ഒഋഅഞഠ എന്ന പദമുണ്ടായത്. പല നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഹൃദയത്തിന്റെ ഘടനയെയും അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാരതീയര്‍ക്ക് അറിയാമായിരുന്നു. ജനിതകപരമായി ഹൃദയത്തെ ഒരു മാതൃ അവയവമായി പണ്ട് മുതലേ കണക്കാക്കിയിരുന്നു. എന്നിട്ടും ആയുര്‍വേദം അശാസ്ത്രീയം എന്ന് മുദ്ര കുത്തി വിലപിക്കുന്നവരുടെ പ്രത്യയശാസ്ത്രവും മനഃശാസ്ത്രവും എത്ര ആലോചിട്ടും പിടികിട്ടുന്നില്ല..
സത്യത്തെ മൂടി വച്ചുകൊണ്ടു, പതിറ്റാണ്ടുകളോളം അനുഭവിച്ചറിഞ്ഞ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ യാഥാര്‍ഥ്യത്തിന്റെ അനുഷ്ടാന തലത്തിലുള്ള അനുഭവ യാഥാര്‍ഥ്യത്തെ നിഷ്‌കരുണം അവഗണിച്ചുകൊണ്ട് അസത്യത്തെ അഭിമുഖീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും, ആത്മ വഞ്ചന എന്നല്ലാതെ വിപ്ലവകരം എന്ന് വിശേഷിപ്പിക്കുവാനാകുമോ.?
തിരുത്തി പഠിക്കേണ്ട ആവശ്യം വരാതെ വ്യാഖ്യാനിച്ചു വികസിപ്പിക്കുകയും പുതിയ അറിവുകളെ കൂട്ടി ചേര്‍ത്ത് പുഷ്ടിപ്പെടുത്തുകയും ചെയ്യാവുന്ന വൈദ്യ ശാസ്ത്രമായി ആയുര്‍വേദം ഇന്നും നിലനില്‍ക്കുന്നത് പ്രപഞ്ച മൂല കാരണങ്ങളെ അനുസരിക്കുന്ന തത്വങ്ങളില്‍ അത് പ്രതിഷ്ടിതമായിരിക്കുന്നതു കൊണ്ടാണ്.
ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദനാചരണത്തില്‍ പങ്കെടുക്കുന്നത് 160-ല്‍പരം രാജ്യങ്ങളാണ്. ആയുര്‍വേദത്തെ കപട ശാസ്ത്രം എന്ന മുദ്രകുത്തി തമസ്‌കരിക്കുവാനുള്ള ഏതൊരു ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കുവാന്‍ കൂടി ആയുര്‍വേദ ദിനാചരണത്തിന് കഴിയട്ടെ തലമുറകളായി കൈമാറിയ തത്ത്വങ്ങളും മാര്‍ഗങ്ങളും ഉള്‍പ്പെട്ട പരമ്പരാഗത ജ്ഞാനം ,ശാസ്ത്രീയ തെളിവുകളും ഗവേഷണങ്ങളും അടിസ്ഥാനമാക്കിയുള്ള ആധുനിക ആരോഗ്യമേഖല, സാങ്കേതിക വിദ്യ, ജീവിതശൈലി, സമൂഹാരോഗ്യം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കികൊണ്ട് ഭാവിയിലെ നവീകരണം, ഇവയെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു നവോത്ഥാനത്തിന്റെ സന്ദേശവാഹക ദിനമായി സെപ്തംബര്‍ 23 മാറുന്നു.
















