പെരുമ്പാവൂര്‍: സനാതന മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഓരോരുത്തരും ഭഗവാനായി അവതരിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പെരുമ്പാവൂര്‍ ഇഎംഎസ് ടൗണ്‍ഹാളില്‍ യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശങ്കരാചാര്യരുടെ പേരിലുള്ള കാലടി സംസ്‌കൃത സര്‍വകലാശാലയില്‍, അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചില ശക്തികള്‍ ഇപ്പോഴും എതിര്‍ക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ ഓരോരുത്തരും ജാഗരൂകരായിരിക്കണം. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഭഗവാന്‍ നേരിട്ട് അവതരിക്കില്ല. ഇത്തരം ഘട്ടങ്ങളില്‍ നമ്മള്‍ ഓരോരുത്തരും ഭഗവാന്റെ അവതാരം എടുക്കണം. സനാതന മൂല്യങ്ങളെ സംരക്ഷിക്കുവാനുള്ള യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ താനും പങ്കാളിയാകുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അധ്യക്ഷനായി. തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സരിത മഹേശ്വരന്‍ ശ്രീശങ്കരാചാര്യ സ്മരണ നിര്‍വഹിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മരണിക പ്രകാശനം ചെയ്തു. സ്വര്‍ണത്ത് മന നാരായണന്‍ നമ്പൂതിരി, ശ്രീകുമാര്‍ കാപ്പിള്ളി, സ്വാഗതസംഘം ചെയര്‍മാന്‍ ശിവദാസ് പുതുവാമന, സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍ പോറ്റി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് എണ്ണായിരത്തോളം കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന സമാപന ഘോഷയാത്ര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിന്നാരംഭിക്കും. നഗരംചുറ്റി സമ്മേളന നഗരിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.















