ന്യൂദല്‍ഹി: എച്ച് വണ്‍ ബി വിസാഫീസ് 1.32 ലക്ഷത്തില്‍ നിന്നും 88 ലക്ഷം രൂപയിലേക്ക് കുത്തനെ ഉയര്‍ത്തിയത് വഴി ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ ശ്രമിക്കുന്ന ട്രംപിനും അമേരിക്കയ്‌ക്കും ഈ നീക്കം പിന്നീട് തിരിച്ചടിയാകുമെന്ന് നീതി ആയോഗ് മുന്‍ സിഇഒ അമിതാഫ് കാന്ത്.
“സാങ്കേതിക വിദ്യാപരിജ്ഞാനമുള്ള മിടുക്കന്മാരും മിടുക്കികളുമായ ഇന്ത്യക്കാരാണ് അമേരിക്കയിലേക്ക് ജോലിക്ക് പോയിരുന്നത്. ഇവരെ തടഞ്ഞാല്‍, നവീകരണത്തിനുള്ള ത്വര (passion for Innovation) അമേരിക്കയ്‌ക്ക് ഭാവിയില്‍ നഷ്ടമാകും. ഇന്ത്യക്കാര്‍ക്ക് പകരം കഴിവ് കുറഞ്ഞ അമേരിക്കന്‍ ടെക്കികളെ ജോലിക്കെടുത്താല്‍ അമേരിക്കയ്‌ക്ക് അത് തിരിച്ചടിയാകും.– അമിതാഭ് കാന്ത് പ്രതികരിച്ചു.
“അതേ സമയം, ഇത്രയും മിടുക്കര്‍ ഇന്ത്യയിലേക്കെത്തിയാല്‍ ഇന്ത്യയ്‌ക്ക് അത് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കും. ആഗോളനിലവാരത്തില്‍ മിടുക്കുള്ള ഇന്ത്യക്കാര്‍ക്ക് നേരെ ട്രംപ് വാതില്‍ കൊട്ടിയടക്കുന്നതോടെ അവരെല്ലാം ഇന്ത്യയിലെ നഗരങ്ങളില്‍ മടങ്ങിയെത്തും. അടുത്ത തരംഗം സൃഷ്ടിക്കാന്‍ പോകുന്ന ലാബുകള്‍, പാറ്റന്‍റുകള്‍, ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപുകള്‍ എന്നിവ ഹൈദരാബാദ്, ബെംഗളൂരു, പുനെ, ഗുര്‍ഗവോണ്‍ എന്നിവിടങ്ങളിലേക്കെത്തും. “- അമിതാഭ് കാന്ത് ശുഭപ്രതീക്ഷ പുലര്‍ത്തുന്നു.
















