പമ്പ: അയ്യപ്പ വിശ്വാസത്തിന്റെ മറവില്‍ ആയിരംകോടിയുടെ സ്‌പോണ്‍സര്‍ഷിപ് എന്ന ദുഷ്ടലാക്കോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് തുടക്കമായി. പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തിലൂടെ ശബരിമലയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ഈ പരിപാടിയിൽ പ്രമുഖർ, സാധാരണക്കാർ എന്ന വിവേചനമില്ലാതെ എല്ലാ ഭക്തർക്കും തുല്യ പരിഗണന നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഭഗവാന്റെ ‘തത്ത്വമസി’ എന്ന ആപ്തവാക്യം പോലെ ഇവിടെ എല്ലാവരും തുല്യരാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. വിഐപി സംസ്കാരം ഒഴിവാക്കി അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള ഒരു പരിപാടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പുലര്‍ച്ചെ ആറിന് പ്രതിനിധി രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ദല്‍ഹി സര്‍ക്കാരുകളെ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ക്ഷണം നിരസിച്ചതു ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വന്‍ തിരിച്ചടിയായി. സംഗമത്തിലെ കച്ചവടക്കണ്ണ് തിരിച്ചറിഞ്ഞതോടെയാണ് വിവിധ സംസ്ഥാനങ്ങള്‍ പ്രതിനിധികളെ പോലും അയയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്.
പൂങ്കാവനത്തിന്റെ കാവല്‍ക്കാരായ മലമൂപ്പന്മാര്‍, നായാട്ട് സംഘം, തിരുവാഭരണം ഗുരുസ്വാമി, കളമെഴുത്ത് അവകാശികള്‍ അടക്കമുള്ളവരെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. വിവാദങ്ങള്‍ക്കൊടുവില്‍ അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളെയും തന്ത്രി കുടുംബത്തെയും ക്ഷണിച്ചെങ്കിലും പരിപാടിയില്‍ ഇവര്‍ക്ക് അര്‍ഹമായ പരിഗണന കൊടുത്തിട്ടില്ല. ഉദ്ഘാടന സഭയിലും അനുബന്ധ സെഷനുകളിലും ഇവര്‍ക്ക് കാഴ്ചക്കാരുടെ റോള്‍ മാത്രം. സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു.
സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട് മന്ത്രിമാരായ പി.കെ. ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാന മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ബി. ഗണേഷ്‌കുമാര്‍, എ.കെ. ശശീന്ദ്രന്‍, വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. 3500 പേര്‍ക്കാണ് പ്രവേശനം.
















