തിരുവനന്തപുരം: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും വേഗം തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ലെങ്കിലും ധാര്‍മിക ബാധ്യതയുണ്ട്.
എന്‍എം വിജയന്റെ കടബാധ്യത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെങ്കിലും ആ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.ഇത്ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ കുടുംബവുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയാറായിട്ടില്ല എന്ന് എന്‍എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. അവര്‍ സംസാരിച്ച ശേഷം തുടര്‍ അഭിപ്രായം പറയാമെന്നും വ്യക്തമാക്കി. നേതൃത്വം സംസാരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2ന് സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.ബാധ്യതകള്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്നാണ് കെപിസിസി ഉപസമിതി നല്‍കിയ ഉറപ്പ്. കെപിസിസിക്ക് ഫണ്ടില്ല എന്നും മൂന്ന് കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും പിന്നീട് ഏകപക്ഷീയമായി പറഞ്ഞു. ഇതിനുശേഷം സണ്ണി ജോസഫോ ഉപസമിതിയില്‍ ഉള്ളവരോ ഒന്നും പറഞ്ഞിരുന്നില്ലെന്ന് പത്മജ വ്യക്തമാക്കി.
















