തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ തോല്‍പിച്ച് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരക്കെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഈ തുടര്‍ച്ചയായ ആക്രമണത്തില്‍ അതൃപ്തിയുണ്ട്.
വിദേശത്ത് നിന്നും ഇന്ത്യയിലെ ഭരണം കലാപത്തിലൂടെ അട്ടിമറിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഡീപ് സ്റ്റേറ്റ് ശക്തികള്‍ നല്‍കുന്ന ടൂള്‍കിറ്റിനനുസരിച്ച് ഒരു യന്ത്രപ്പാവപോലെ പ്രവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി. ഖലിസ്ഥാനികളെയും ഇസ്ലാമിക തീവ്രവാദികളെയും കൂട്ടുപിടിച്ച് ഇന്ത്യയില്‍ കലാപം നടത്തി മോദി സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് വെറും വ്യാമോഹമാണെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തും മോദി സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും ജനസ്വാധീനവും അറിയുന്ന യാഥാര്‍ത്ഥ്യബോധമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. പൊതുവേ ജനകീയ സ്വഭാവമില്ലാത്ത രാഹുല്‍ ഗാന്ധി ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളറിയാത്ത വിദേശികളുടെ കയ്യിലെ കളിപ്പാവ ആകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ അതൃപ്തിയുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി കോടതിയെ സമീപിക്കാത്തതിലും കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. അതായത് വേണ്ടത്ര തെളിവുകള്‍ കയ്യിലില്ലാത്തതിനാലാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കാതിരിക്കുന്നത്. ഒരു യന്ത്രപ്പാവ പോലെ വിദേശത്ത് നിന്നും ആരോ അയച്ചുകൊടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി അവതരിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി.
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നീക്കം ചെയ്തു എന്നാണ് ആരോപണമെങ്കില്‍ മഹാരാഷ്‌ട്രയില്‍ ബിജെപി വോട്ടര്‍മാരുടെ പേരുകള്‍ അധികമായി ചേര്‍ത്തു എന്നാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍. കര്‍ണ്ണാടകയിലെ ആലന്ദ് മണ്ഡലത്തിലെ 6018 കോണ്‍ഗ്രസ് വോട്ടുകള്‍ നീക്കം ചെയ്തുവെന്നും മഹാരാഷ്ടയിലെ രജുറ മണ്ഡലത്തില്‍ 6850 വോട്ടുകള്‍ അനധികൃതമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണം. മാത്രമല്ല, കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് തന്നെ ഭരിയ്‌ക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് സാമാന്യബോധമുള്ള ഒരു രാഷ്‌ട്രീയനേതാവിന് പറയാന്‍ സാധിക്കുമോ? കോണ്‍ഗ്രസിന്റെ 6018 വോട്ടുകള്‍ നീക്കം ചെയ്തുവെന്ന ആരോപണം നടത്തിയ ആലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഇത്തരം യുക്തിയില്ലായ്‌മ രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെഭാവി എന്താകും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കോടതിയില്‍ പോകാത്തത് എന്ന ചോദ്യത്തിന് ഇത് തന്റെ ജോലിയല്ലെന്നും ഇത്തരം അനീതികള്‍ ചെറുക്കേണ്ടത് രാജ്യത്തെ യുവാക്കളാണെന്ന് പറഞ്ഞ് പരോക്ഷമായി ഒരു കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാനധി ചെയ്തത്. അതായത് നേപ്പാളിലെ ജെന്‍ സീ കലാപം പോലെ ഒന്ന് ഇന്ത്യയില്‍ നടത്താനാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നത് എന്നതാണ് ഈ ആഹ്വാനത്തില്‍ നിന്നും വ്യക്തമായത്. തീര്‍ത്തും അപകടകരമായ പ്രവണതയ്‌ക്കാണ് രാഹുല്‍ ഗാന്ധി കൂട്ടുനില്‍ക്കുന്നത് എന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടിയാണെന്ന ആരോപണം ഉയര്‍ത്തി, അതിന്റെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സര്‍ക്കാരിനെ യുവാക്കളുടെ കലാപത്തിലൂടെ അട്ടിമറിക്കുക എന്നത് തന്നെയാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് പിന്നിലുള്ള ശക്തികള്‍ കണക്കുകൂട്ടുന്നത് എന്ന് വ്യക്തമാണ്. പക്ഷെ സാമാന്യബുദ്ധിയുള്ള ഇന്ത്യയിലെ ജനങ്ങള്‍ ഈ ആരോപണങ്ങള്‍ സീകരിക്കുമോ? മോദി സര്‍ക്കാരിന്റെ ജനപ്രീതിയും കോണ്‍ഗ്രസിന്റെ തലതിരിഞ്ഞ പ്രവര്‍ത്തനരീതിയുമാണ് മോദി മൂന്നാമതും അധികാരത്തില്‍ വരാന്‍ കാരണമെന്നത് ഇന്ത്യയിലെ ഒരുവിധം ജനങ്ങള്‍ക്കറിയാമെന്നിരിക്കെ, ഇതിന്റെ പേരില്‍ കലാപം നടത്താന്‍ യുവാക്കള്‍ മുന്നോട്ട് വരുമോ?
















