കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജി അടുത്തഴ്ച്ച പരിഗണിക്കും.
മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥർക്കും അവരുടെ മൂന്നു ദിവസത്തെ ചെലവ് ദേവസ്വവും ക്ഷേത്രങ്ങളും വഹിക്കണമെന്ന ഉത്തരവാണ് സ്റ്റേ ചെയ്തത്. മലബാർ ദേവസ്വം കമ്മിഷണറുടെ ഉത്തരവ് വിചിത്രമാണെന്നും ക്ഷേത്രങ്ങളിൽ ഫണ്ട് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
എന്തിന് ഇത്തരം ഉത്തരവിറക്കിയെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ചോദിച്ച കോടതി മലബാര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ ,സര്‍ക്കാര്‍ എന്നീ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ക്കും, ക്ഷേത്ര ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ബോര്‍ഡ് അംഗങ്ങളെയും വാഹനങ്ങളില്‍ പമ്പയിലെത്തിക്കുന്നതിനും അവരുടെ മൂന്നു ദിവസത്തെ ചെലവും ദേവസ്വവും ക്ഷേത്രങ്ങളും വഹിക്കാനും കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. ക്ഷേത്രം ട്രസ്റ്റിമാര്‍, ബോര്‍ഡ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ ചെലവ് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ജീവനക്കാരുടേത് ക്ഷേത്ര ഫണ്ടില്‍ നിന്നുമെടുക്കാനുമായിരുന്നു ഉത്തരവ്.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, മെംബര്‍മാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്
അഭ്യര്‍ത്ഥിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ കത്തിന്റെയും ദേവസ്വം മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
എ ഗ്രേഡ് ക്ഷേത്രങ്ങളൊഴികെ ബി, സി, ഡി ഗ്രേഡ് കാറ്റഗറികളിലെ മിക്ക ക്ഷേത്രങ്ങളിലും ഒരു വര്‍ഷത്തിലധികമായി ജീവനക്കാരുടെ ശമ്പളം കുടിശികയാണ്. ഇതിനിടെയാണ് ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് തീരുമാന പ്രകാരം കമ്മിഷണര്‍ നിര്‍ദേശം നൽകിയിരുന്നത്.
















