കൽപ്പറ്റ: കോൺഗ്രസിന്റെ ‘ഹൈക്കമാൻഡുകൾ’ എല്ലാം വയനാട്ടിൽ. സോണിയാ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിലെത്തിയ ഇരുവരും വയനാട്ടിയെ സ്വകാര്യ ഹോട്ടലിലേക്ക് പോയി. വയനാട്ടിലെ എംപി പ്രിയങ്കാ ഗാന്ധി ഒരാഴ്ചയ്‌ക്കുമുമ്പ് വന്നിട്ട് മടങ്ങിയിട്ടില്ല. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫും ഇവരോടൊപ്പമുണ്ട്.
പ്രഖ്യാപിച്ച് പാർട്ടി പരിപാടികൾ ഒന്നും ഇവർക്കില്ല. പരസ്യമാക്കിയ മറ്റ് പരിപാടികളുമില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ നടത്തുന്ന യാത്രകളെക്കുറിച്ച് സർക്കാരിനെ ഔദ്യോഗികമായി അറിയിക്കേണ്ടത് ഈ യാത്രയിലും അറിയിച്ചിട്ടില്ല.
അമ്മയും രണ്ടുമക്കളും എന്തിനാണ് വയനാട്ടിൽ അപ്രഖ്യാപിതമായി എത്തിയതെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കുപോലും വ്യക്തതയില്ല. സംസ്ഥാനത്ത് നിയമ സഭ നടക്കുന്നതിനാൽ മുതിർന്ന നേതാക്കൾക്കും ദേശീയ നേതാക്കളുടെ ഈ സന്ദർശനം അപ്രതീക്ഷിതമാണ്. മാത്രമല്ല, സംസ്ഥാനത്ത് പോലീസിനെതിരേ, പോലിസിന്റെ സുരക്ഷാ നടപടികൾക്കെതിരേ പാർട്ടി ശക്തമായ പ്രതിഷേധം നടക്കുമ്പോൾ ‘ഏറെ സുരക്ഷ ആവശ്യമുള്ള പാർട്ടി നേതാക്കൾക്ക് കേരളം സുരക്ഷിതമെന്ന്’ വാദിക്കാൻ അവസരം കൊടുക്കുന്നതായി ഈ കുടുംബയാത്ര എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
















