കോഴിക്കോട്: സമസ്തയുടെ നൂറാം വാര്‍ഷിക ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘടന പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം താന്‍ സംസാരിച്ചെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത് അടിസ്ഥാന രഹിതമാണ്.
ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖിയുടെ പ്രസ്താവന എന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. പ്രധാനമന്ത്രിയോട് എന്താണ് പറയാനുള്ളതെന്ന് ജമാല്‍ സിദ്ദിഖി ചോദിച്ചിരുന്നു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കയിലാണെന്നും അതു പരിഹരിക്കാന്‍ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ അവസരമൊരുക്കാമെന്ന് ജമാല്‍ സിദ്ദിഖി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സമസ്ത നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനുശേഷം ആലോചിക്കാമെന്നുമാണ് മറുപടി പറഞ്ഞത്.
















