ജെറുസലേം: ഗാസ സിറ്റി പിടിച്ചെടുക്കാനുളള ഇസ്രയേലിന്റെ കരയുദ്ധവും ആകാശയുദ്ധവും കനക്കുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 62 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗാസ സിറ്റിയെ കൂടാതെ ദൈറുല്‍ ബലാ നഗരത്തിലേക്കും ഇസ്രയേല്‍ സൈന്യമെത്തി.
ഇസ്രയേലിനെതിരെ തുര്‍ക്കി ഉള്‍പ്പെടെ ഭീഷണി ഉയര്‍ത്തിയെങ്കിലും ഇതുവരെയും ഇസ്രയേലിനെ ആക്രമിക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. അറബ് ലീഗ് സമ്മേളനത്തിലും ഇസ്രയേലിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഗാസയില്‍ കണ്ടില്ല.
അന്താരാഷ്‌ട്ര സമ്മര്‍ദങ്ങളെ മുഴുവന്‍ അവഗണിച്ചാണ് ഇസ്രയേല്‍ ഗാസയില്‍ യുദ്ധം ചെയ്യുന്നത്. ഹമാസ് ബന്ദികളാക്കി പിടിച്ച ഇസ്രയേലികളെ ഇനിയും വിട്ടുകൊടുക്കാത്തതിലുള്ള അമര്‍ഷവും ഇസ്രയേലിനുണ്ട്. അതുകൊണ്ടാണ് ഹമാസിനെ പൂര്‍ണമായും തുരത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നത്. സാധാരണയുക്തികള്‍ക്ക് അപ്പുറം ആഴത്തില്‍ പരസ്പര ബന്ധിതമാണ് ഇസ്രയേല്‍ സമൂഹം എന്ന് പറയപ്പെടുന്നു.
ഗാസയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട് പല പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം പൂര്‍ണമായും വിച്ഛേദിച്ചു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ നഗരത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടു.
ഗാസ സിറ്റിയില്‍ നിന്ന് രക്ഷപ്പെടേണ്ടവര്‍ക്ക് ഇസ്രയേല്‍ ഒരു പാത തുറന്നുകൊടുത്തിട്ടുണ്ട്. ഇതിലൂടെയാണ് ജനങ്ങള്‍ ഓടിപ്പോകുന്നത്. ഒരു ലക്ഷത്തോളം പേര്‍ ഇതുവഴി ഓടിപ്പോയതായാണ് കണക്ക്. ഈ പാത അടുത്ത 48 മണിക്കൂര്‍ കൂടി തുറന്നിരിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. എങ്കിലും വടക്കന്‍ ഗാസയില്‍ പത്തുലക്ഷത്തിലധികം പലസ്തീനികള്‍ തുടരുകയാണ്.ചൈനയും ജര്‍മനിയും ഇസ്രയേലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. .
















