തിരുവനന്തപുരം: മുന്‍കാല സര്‍വേ രേഖകള്‍ ഇനി വേഗത്തില്‍ ലഭിക്കും. ഇതിനായി സര്‍വേ ഡയറക്ടറേറ്റില്‍ കിയോസ്‌ക് സംവിധാനവും ഹെല്‍പ് ഡെസ്‌കും ഒരുക്കി. ഫയല്‍ നടപടികളില്ലാതെ, ഫീസ് അടച്ച് ആര്‍ക്കും സ്വയം രേഖകള്‍ പ്രിന്റ് ചെയ്തെടുക്കാം. ഡിജിറ്റല്‍ സര്‍വേ രേഖകളും ഇവിടെ നിന്ന് ലഭിക്കും.
‘എന്റെ ഭൂമി’ ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായാണ് പഴയ സര്‍വേ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത്. നിലവില്‍ 530 വില്ലേജുകളിലെ രേഖകള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതുവരെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സര്‍വേ ഓഫീസില്‍ നേരിട്ടെത്തി രേഖകള്‍ വാങ്ങേണ്ട അവസ്ഥയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പോര്‍ട്ടലില്‍ ലഭ്യമല്ലാത്ത രേഖകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമുണ്ട്. ഡയറക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് കിയോസ്‌ക് സംവിധാനം ഉപയോഗിക്കാനുമാകും. കിയോസ്‌ക് സംവിധാനത്തിന്റെ ഉദ്ഘാടനം 19ന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും.














