തൃശൂര്‍: തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഒരു പതിറ്റാണ്ട് കാലം മെത്രാപ്പോലീത്തയായി പ്രവര്‍ത്തിച്ച മാര്‍ തൂങ്കുഴി സഭയുടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
1930 ഡിസംബര്‍ 13ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് ജനനം. 1956 ല്‍ റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനാണ്. 22 വര്‍ഷത്തെ ശുശ്രൂഷയ്‌ക്കുശേഷം 1995 ല്‍ താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി.
തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, നഴ്‌സിങ് കോളേജ്, ജ്യോതി എന്‍ജിനീയറിങ് കോളേജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബി.എഡ്. കോളേജ്, മുളയം മേരിമാതാ മേജര്‍ സെമിനാരി, പെരിങ്ങണ്ടൂരില്‍ മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍, കുരിയച്ചിറ സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. എന്നിവ സ്ഥാപിക്കുന്നതില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.
.
















