ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച 1300 ലധികം ഉപഹാരങ്ങളുടെ ഇ- ലേലം ആരംഭിച്ചു. അയോധ്യ രാമക്ഷേത്ര മാതൃക, ഭവാനി ദേവിയുടെ പ്രതിമ, 2024 ലെ പാരാലിമ്പിക് ഗെയിംസില്‍ നിന്നുള്ള കായിക സ്മരണികകള്‍ എന്നിവ ഇ-ലേലത്തിനുണ്ട്. പ്രധാനമന്ത്രി മോദിക്ക് 75 വയസ്സ് തികഞ്ഞ ദിവസം തന്നെയാണ് ഓണ്‍ലൈന്‍ ലേലത്തിന്‌റെ ഏഴാം പതിപ്പിന് തുടക്കം കുറിച്ചത്. ഭവാനി ദേവിയുടെ പ്രതിമയുടെ അടിസ്ഥാന വില 1,03,95,000 രൂപയും, രാമക്ഷേത്രത്തിന്റെ മാതൃകയുടെ വില 5.5 ലക്ഷം രൂപയുമാണ്.
ജമ്മു കശ്മീരില്‍ നിന്നുള്ള പശ്മിന ഷാള്‍, രാമ ദര്‍ബറിന്റെ തഞ്ചാവൂര്‍ പെയിന്റിംഗ്, ലോഹ നടരാജ പ്രതിമ, ജീവവൃക്ഷത്തെ ചിത്രീകരിക്കുന്ന ഗുജറാത്തില്‍ നിന്നുള്ള ഒരു രോഗന്‍ ആര്‍ട്ട്, കൈകൊണ്ട് നെയ്ത നാഗ ഷാള്‍ എന്നിവയാണ് ഇ-ലേലത്തിന്റെ ഭാഗമായ മറ്റ് ഇനങ്ങള്‍.
രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം ഒക്ടോബര്‍ രണ്ടുവരെ തുടരും. pmmementos.gov.in എന്ന വെബ്സൈറ്റിലൂടെ ഈ ഉപഹാരങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കാം. ലേലത്തിലൂടെ കിട്ടുന്ന തുക ഗംഗ ശുചീകരണ പദ്ധതിയായ നമാമി ഗംഗയ്‌ക്കായി പ്രയോജനപ്പെടുത്തും. 2019 ജനുവരിയിലാണ് ആദ്യ ഇ-ലേലം നടന്നത്.കഴിഞ്ഞവര്‍ഷം രണ്ടു കോടിയിലധികം രൂപയാണ് ലേലത്തിലൂടെ നേടാനായത്.
















