ന്യൂദല്‍ഹി : ആഗോള അയ്യപ്പ സംഗമം നടത്താമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാതെ സുപ്രീംകോടതി.ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിര്‍ത്തിവക്കണമെന്ന ഹര്‍ജി
പരിഗണിച്ചത്.. ഇതോടെ സര്‍ക്കാരിന് ആശ്വാസമായി.
സംഗമത്തിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം.ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് നിലവില്‍ സുപ്രീംകോടതിയെ സമീപിച്ചത്. പരിപാടി വേണമെങ്കില്‍ ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിക്കോട്ടെ എന്നും പമ്പയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നുമായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.
സംഗമത്തിനായുള്ള സ്റ്റേജ് നിര്‍മാണം തീര്‍ത്ഥാടകര്‍ക്ക് യാത്രാ തടസം ഉണ്ടാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ശൗചാലയം പോലും തടസപ്പെടുത്തിയാണ് സ്റ്റേജ് നിര്‍മാണം. പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അല്ലെന്നും പകരം സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണെന്നും 2022ല്‍ പമ്പയില്‍ ഭജന്‍ നടത്താന്‍ അനുവാദം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്ത അതേ സ്ഥലത്താണ് ഇപ്പോള്‍ പരിപാടി നടത്താന്‍ അനുമതി നല്കിയിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്.
















