തിരുവനന്തപുരം:കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സത്യാഗ്രഹം തുടങ്ങിയത്.
ലോക്കപ്പ് മര്‍ദ്ദനത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയചര്‍ച്ചക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചത്. പൊലീസ് അതിക്രമത്തിന് എതിരെ ജനവികാരം ആളിക്കത്തിക്കുകയാണ് ലക്ഷ്യം.
വെളളിയാഴ്ച സഭപിരിയുന്നതിനകം പൊലീസുകാരുടെ പിരിച്ചുവിടലില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സഭയ്‌ക്ക് പുറത്തേക്ക് പ്രതിഷേധം വ്യാപിപ്പിക്കും എന്നാണ് പ്രതിപക്ഷം പറഞ്ഞിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയ പ്രതിപക്ഷം അതില്‍ നിന്ന് പുറത്ത് കടക്കാനുളള വഴി കൂടിയായി സഭാകവാടത്തിലെ സമരത്തെ കാണുന്നുണ്ട്.
















