ന്യൂഡൽഹി: പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ രാഹുല്‍ ഗാന്ധിപുകഴ്‌ത്തലിന് പിന്നാലെ, ബി.ജെ.പി ശക്തമായി പ്രതികരിച്ചു. ഇന്ത്യയെ വെറുക്കുന്നവരെല്ലാം ഇന്ന് കോണ്‍ഗ്രസിന്റെ സുഹൃത്തുക്കളായിത്തീർന്നിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
“ഹാഫിസ് സയീദിന് ശേഷം ഇപ്പോൾ ഷാഹിദ് അഫ്രീദിയും രാഹുലിന്റെ ഗുണഗാനം പാടി രംഗത്തെത്തിയിരിക്കുന്നു. അതില്‍ ഒട്ടും അത്ഭുതമില്ല — ഇന്ത്യയുടെ ശത്രുക്കളെല്ലാം ഒടുവിൽ കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും ഒപ്പം നിൽക്കുകയാണ്. സോറോസ് മുതല്‍ ഷാഹിദ് വരെ… ഈ പാര്‍ട്ടി ഇന്ന് ‘ഇസ്ലാമാബാദ് നാഷണല്‍ കോണ്‍ഗ്രസ്’ (INC) ആയി മാറിയിരിക്കുന്നു” — പൂനാവാല എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസിന്റെയും പാകിസ്താന്റെയും സൗഹൃദം ഇന്നലെയോ ഇന്നല്ലോ തുടങ്ങിയതല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ തുറന്ന വിരോധം പ്രഖ്യാപിച്ചത് മുതല്‍ 26/11 മുംബൈ ഭീകരാക്രമണത്തിനും പുല്‍വാമ, പഹല്‍ഗാം ആക്രമണങ്ങൾക്കും പിന്നിലെ പാകിസ്താനെ വെളിപ്പെടുത്താൻ പോലും കോണ്‍ഗ്രസിന് തയ്യാറായിട്ടില്ലെന്നും പൂനാവാല ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഭാഷ്യങ്ങൾ ആവർത്തിച്ച് പാകിസ്താന്റെ നിലപാടുകൾ പുനരാവിഷ്കരിക്കുന്നതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരിയും രൂക്ഷമായി പ്രതികരിച്ചു. “ഇന്ത്യയുടെ ശത്രുക്കൾ കോണ്‍ഗ്രസിനെ പുകഴ്‌ത്തുമ്പോൾ, അത് കോണ്‍ഗ്രസിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധിക്ക് പുതിയൊരു ‘ഫാന്‍ ബോയ്’ കിട്ടിയിരിക്കുന്നു. ഇന്ത്യയുടെ എതിരാളികൾ മാത്രമാണ് ഇദ്ദേഹത്തെ അഭിനന്ദിക്കുന്നത് — അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നിലപാട് ഇന്ത്യയ്‌ക്കെതിരായതാണെന്ന് വ്യക്തമാകുന്നു,” ഭണ്ഡാരി പറഞ്ഞു.
അഫ്രീദി നടത്തിയ പരാമർശം ഇന്ത്യയിലും വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്. “ഇന്ത്യയിലെ ഭരണകൂടം എല്ലായ്‌പ്പോഴും മത കാര്‍ഡ് കളിക്കുകയാണ്; മുസ്ലിം-ഹിന്ദു കാർഡ് കളിച്ച് അധികാരം പിടിച്ചുനിൽക്കുകയാണ്. മോശം ചിന്താഗതിയാണത്. പക്ഷേ രാഹുല്‍ ഗാന്ധി അതിന്റെ വിരുദ്ധമാണ്; അദ്ദേഹം നല്ല ചിന്താഗതിയുള്ളവനും ചര്‍ച്ചകളിൽ വിശ്വസിക്കുന്നവനുമാണ്,” — അഫ്രീദി പാകിസ്താനിലെ സമ്മ് ടിവിയുടെ ഇന്ത്യ-പാകിസ്താൻ മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പറഞ്ഞു.
പൂനാവാലയും ഭണ്ഡാരിയും ചൂണ്ടിക്കാട്ടുന്നത് പോലെ, ഇന്ത്യയുടെ ശത്രുക്കളുടെ തോളിൽ കയറി രാഷ്‌ട്രത്തെ തകർക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ ചരിത്രവും ഇന്നത്തെ പ്രവർത്തനങ്ങളും. 1980കളിൽ രാജീവ് ഗാന്ധി തന്നെ പാകിസ്താനോട് ‘സൗഹൃദ നയ’മെന്ന പേരിൽ അനവധിഅനുകൂലതകൾ നൽകിക്കൊണ്ടിരുന്നു; അതേ പാതയിലാണ് ഇന്ന് രാഹുല്‍ ഗാന്ധിയും നടക്കുന്നതെന്ന് ബിജെപി വക്താക്കള്‍ ചൂണ്ടിക്കാട്ടി
















